കോതമംഗലം ● പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായിലൂടെ ഇവിടെ നിലനിർത്തപ്പെട്ട സത്യവിശ്വാസവും ആരാധനാക്രമങ്ങളും വിശ്വാസപാരമ്പര്യവും കാത്തുപരിപാലിച്ച് വരുംതലമുറകൾക്ക് കൈമാറേണ്ടത് ഓരോ വിശ്വാസിയുടെയും വലിയ ഉത്തരവാദിത്തമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
വിശ്വാസപാരമ്പര്യം സംരക്ഷിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിക്കുന്നത് സഭയുടെ തനിമയെ തന്നെ ബാധിക്കുന്നതാണെന്നും ബാവ ഓർമ്മിപ്പിച്ചു. കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
സഭകൾ ഐക്യത്തിൽ വർത്തിക്കുകയും പരസ്പരമുള്ള ഭിന്നതകൾ ഒഴിവാക്കുകയും ഇതര സഭകളുമായുള്ള ബന്ധങ്ങൾക്ക് കൂടുതൽ ദൃഢതയും പുതിയ മാനങ്ങളും കണ്ടെത്തുകയും വേണം. ക്രൈസ്തവ സഭകൾ പരസ്പരം അകന്നുനിൽക്കുന്നതിനു പകരം ക്രിസ്തുസ്നേഹത്തിൽ ഒന്നിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രത്യാശ നഷ്ടപ്പെടുമ്പോഴാണ് മനുഷ്യൻ യഥാർഥത്തിൽ മരിക്കുന്നത്. പ്രത്യാശ കൈവിടാതെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ വിശ്വാസികൾക്ക് സാധിക്കണം. നമ്മുടെ ഉള്ളിലെ പ്രത്യാശയെ ആരും എടുത്തുമാറ്റാൻ കഴിയാത്തവിധം വിശ്വാസത്തിൽ സ്ഥിരപ്പെടുകയും പ്രത്യാശാപൂർണമായ ജീവിതം നയിക്കുകയും വേണം. സഹനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ ജീവിതം അതിന് നമ്മെ ഓർമ്മപ്പെടുത്തുന്നതാണെന്നും ബാവ പറഞ്ഞു.
എല്ലാം തികഞ്ഞവരല്ല മനുഷ്യർ. കുറവുകളും പോരായ്മകളും എല്ലാവർക്കുമുണ്ട്. എന്നാൽ സർവത്തിനും മതിയായ ദൈവത്തെയാണ് നാം ആരാധിക്കുന്നത്. ആ ദൈവത്തെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ് ക്രിസ്തുസ്വഭാവം പ്രാവർത്തികമാക്കിയ പിതാവാണ് പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവ. ക്രിസ്തുവിനെ ജീവിതത്തിലൂടെ കാട്ടിത്തരുന്ന വിശുദ്ധരുടെ കബറിടങ്ങൾ ക്രിസ്തുവിലേക്കുള്ള ചൂണ്ടുപലകകളാണ്. അതുകൊണ്ടുതന്നെ പൂർണവിശ്വാസത്തോടെ ക്രിസ്തുവിൽ ആശ്രയിച്ച് ജീവിതയാത്ര തുടരണമെന്നും ബാവ ആഹ്വാനം ചെയ്തു.
വിശ്വാസിയുടെ ജീവിതം എക്കാലവും ഒരു തീർത്ഥാടനമാണ്. ഈ തീർത്ഥാടനം സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും അനുഭവമായി മാറണം. അശാന്തിയുടെയും അക്രമത്തിന്റെയും കൊലയുടെയും സംസ്കാരം വളർന്നുവരുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. മനുഷ്യരുടെ വേദനയും ദുരിതവും ദുരന്തങ്ങളും മതത്തിന്റെ കണ്ണിലൂടെ മാത്രം കാണരുത്. അവർ ഏത് മതത്തിൽപ്പെട്ടവരാണെന്നതിനു മുമ്പ് അവർ മനുഷ്യരാണ്. മനുഷ്യനെ കാണുന്ന മനസ്സാണ് ആദ്യം ഉണ്ടാകേണ്ടത്. മനുഷ്യനപ്പുറം മതങ്ങൾ വളരുമ്പോൾ അവിടെ വിനാശമാണ് സംഭവിക്കുന്നതെന്നും ബാവ വ്യക്തമാക്കി.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ഇന്ന് ആരാധന നടത്താൻ സാധിക്കുന്നത് മനുഷ്യരുടെ മാത്രം ഇച്ഛാശക്തിയുടെ ഫലമായല്ല. പരിശുദ്ധ ബാവായുടെ ഇഷ്ടവും ദൈവത്തിന്റെ കരുതലുമാണ് ഇതിന് പിന്നിലെന്നും ബാവ പറഞ്ഞു. അന്ത്യോഖ്യാ സിംഹാസനവും അതിന്റെ പരമാധ്യക്ഷന്മാരും ദൈവജനത്തിന് ആരാധന നടത്താനും ധൂപം അർപ്പിക്കാനും കഴിയുന്നവിധം ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തുനൽകിയ പാരമ്പര്യമാണ് ഇവിടെ നിലനിൽക്കുന്നത്.
നമ്മുടെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടമാണ് അന്തിമം. ദൈവത്തിന്റെ ഇഷ്ടത്തിന് വിധേയമായി ജീവിതം നയിച്ചവനായിരുന്നു പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവ. ആ മാതൃകയിൽ വിശ്വാസികൾ ദൈവഹിതത്തിന് വിധേയമായി മുന്നോട്ടുപോകണമെന്നും ബാവ കൂട്ടിച്ചേർത്തു.
നിരാശയിലേക്ക് വീണുപോകാതെ പ്രത്യാശയോടെ പരസ്പരം ചേർന്നുനിൽക്കണം. സഹോദരങ്ങളെപ്പോലെ ഒരുമിച്ച് ജീവിക്കുകയും പങ്കുവെക്കാനുള്ള മനോഭാവം വളർത്തുകയും വേണം. മറ്റൊരാളുടേത് ബലമായി സ്വന്തമാക്കുന്നതിനു പകരം എങ്ങനെ പങ്കുവെക്കാമെന്ന ചിന്തയിലേക്ക് സമൂഹം വളരണം. അവിടെയാണ് ക്രിസ്തു പിറക്കുന്നതെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.
ക്രിസ്തുവിനെ അന്യമാക്കി ക്രിസ്തുസ്നേഹത്തിന് പ്രാധാന്യം നൽകാതെ ക്രൈസ്തവ സഭകൾ മുന്നോട്ടുപോകുന്നുവെങ്കിൽ അത് സമൂഹത്തിന് വലിയ ദുരന്തമായിരിക്കും. അതിനാൽ വിശ്വാസവും പ്രത്യാശയും സ്നേഹവും മുറുകെപ്പിടിച്ച് പരസ്പരം ചേർന്നുനിന്നുകൊണ്ട് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാക്ഷികളായി ജീവിക്കണമെന്നും ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.












