ഹൈദരാബാദ് ● മൈലാപ്പൂർ ഭദ്രാസനത്തിലെ സെക്കന്തരാബാദ് മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഫാ. അനീഷ് ടി. വർഗീസ്, ഫാ. സുബിൻ വർഗീസ്, ഫാ. ജോസഫ് നെടുമണൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും സംഘത്തിൽ സന്നിഹിതനായിരുന്നു.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (നവംബർ 21 ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് സെക്കന്തരാബാദ് മെട്ടുഗുഡ മെട്രോ സ്റ്റേഷൻ പരിസരത്ത് ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്തമാർക്കും സ്വീകരണം നൽകും. തുടർന്ന് വൈകിട്ട് 6.30-ന് സന്ധ്യാനമസ്കാരവും എക്യുമെനിക്കൽ കൂട്ടായ്മയും നടക്കും.
നാളെ (നവംബർ 22 ഞായറാഴ്ച) രാവിലെ 7.30-ന് പ്രഭാത നമസ്കാരം, 8.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. തുടർന്ന് പൊതുസമ്മേളനം, സുവനീർ പ്രകാശനം, കൈയെഴുത്ത് ബൈബിൾ പ്രകാശനം തുടങ്ങിയ ചടങ്ങുകളും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.




