വടവാതൂർ ● കോട്ടയം ഭദ്രാസനത്തിലെ വടവാതൂർ മാർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ ഇടവകദിനവും വാർഷിക പെരുന്നാളും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആരംഭിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് രാവിലെ 6.30-ന് പ്രഭാത പ്രാർത്ഥനയും 7-ന് വിശുദ്ധ കുർബ്ബാനയും ഫാ. കോശി ഏഴരപ്പറയിലിന്റെ കാർമികത്വത്തിൽ നടന്നു.
വൈകിട്ട് 6-ന് സന്ധ്യാപ്രാർത്ഥനയും 6.45-ന് മാർ അപ്രേമിന്റെ മെമ്രകളും നടക്കും. തുടർന്ന് 7-ന് കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര പെരുന്നാൾ സന്ദേശം നൽകും. 7.15-ന് വടവാതൂർ കവലയിലുള്ള കുരിശിൻതൊട്ടിയിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം നടത്തും. പ്രദക്ഷിണത്തിന് വടവാതൂർ കവലയിൽ പൗരസ്വീകരണം ഒരുക്കും. തുടർന്ന് 8.15-ന് ആശീർവാദവും സ്നേഹവിരുന്നും നടക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ നവംബർ 22 ഞായറാഴ്ച രാവിലെ 7-ന് പ്രഭാത പ്രാർത്ഥനയും 8-ന് അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും നടക്കും. 10-ന് പെരുന്നാൾ സന്ദേശവും 10.30-ന് ഇടവകയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും ആദരവും നടക്കും. തുടർന്ന് 10.45-ന് ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരിമാരായ ഫാ. അജു കെ. ഫിലിപ്പ് കോട്ടപ്പുറം, ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര, ട്രസ്റ്റി ജേക്കബ് ജോൺ നമ്പേട്ട്, സെക്രട്ടറി മാത്യു കോര പതിയാക്കൽ എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.
