നെടുമ്പാശേരി ● സഭാ തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നതിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നു ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ പറഞ്ഞു. ചർച്ചകൾ തുടരണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പുറമേ കോപ്റ്റിക് സഭയും ഇക്കാര്യത്തിൽ മുന്നോട്ടു വന്നിട്ടുണ്ട്. പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ, യാക്കോബായ സഭ കോടതി വിധികൾ വ്യക്തമായി പാലിക്കുന്നുണ്ടെന്ന് ബാവ പറഞ്ഞു.
പാത്രിയർക്കീസ് ബാവായോ താനോ എവിടെയെങ്കിലും കോടതിയലക്ഷ്യം കാട്ടിയിട്ടുണ്ടെങ്കിൽ നടപടികളുമായി മുന്നോട്ടു പോവുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിനെ വിമർശിക്കേണ്ട കാര്യമില്ല. മുൻപും ഇപ്പോഴും സർക്കാർ ശരിയായ കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ.
സഭയിലെ സാധാരണ ജനങ്ങളും പുതു തലമുറയും സഭാ തർക്കങ്ങൾ ഇഷ്ടപ്പെടുന്നില്ല. ഇത് അവസാനിപ്പിക്കാനായി യാക്കോബായ സഭ ഇനിയും ത്യാഗങ്ങൾക്കു സന്നദ്ധമാണ്. മാന്യമായ യോജിപ്പിനായാലും വേർപിരിയലിനായാലും തൽസ്ഥിതി നിലനിർത്തുന്നതിനായാലും ഒട്ടേറെ സാധ്യതകളുണ്ട്. പരസ്പരം സംസാരിച്ചാലേ ഇതിലേക്ക് എത്തിച്ചേരാൻ കഴിയൂ. നഷ്ടപ്പെട്ട പള്ളികളിൽ സിംഹഭാഗവും യാക്കോബായ സഭാ വിശ്വാസികളാണ്. തങ്ങളുടെ പിതാക്കന്മാർ പണികഴിപ്പിച്ച പള്ളികളിൽ മൃതസംസ്കാരത്തിനു പോലും അവർക്കു നിയന്ത്രണങ്ങളാണ്. മാനുഷികമായ പരിഗണന അവർക്കും ലഭിക്കണം. ഇത്തരം കാര്യങ്ങളിൽ നീതിയുക്തമായ തീരുമാനങ്ങൾക്കു മറു വിഭാഗം തയാറാകണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
