ഓടയ്ക്കാലി ● മനുഷ്യൻ എപ്പോഴും ദൈവവുമായുള്ള ബന്ധത്തിൽ നിലനിൽക്കേണ്ടവനാണെന്നും ആ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുമ്പോഴാണ് അനർത്ഥങ്ങളും പരാജയങ്ങളും ദുരന്തങ്ങളും ജീവിതത്തിലേക്ക് കടന്നുവരുന്നതെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഓടയ്ക്കാലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ.
വിശ്വാസജീവിതത്തിൽ നിയമത്തിന്റെ അക്ഷരത്തേക്കാൾ അതിന്റെ ആത്മാവിനും മനുഷ്യന്റെ ആന്തരിക പരിവർത്തനത്തിനുമാണ് പ്രാധാന്യം നൽകേണ്ടത്. നിയമങ്ങളും അനുഷ്ഠാനങ്ങളും മനുഷ്യനെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നതിനായിരിക്കണം. നിയമങ്ങളുടെ പേരിൽ മനുഷ്യരെ ദൈവത്തിൽനിന്ന് അകറ്റുന്ന സാഹചര്യം ഉണ്ടാകരുതെന്നും ബാവ പറഞ്ഞു.
ശാബത്തിനെക്കുറിച്ചുള്ള ക്രിസ്തുവിന്റെ കാഴ്ചപ്പാടും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. നിയമം പാലിക്കുമ്പോൾ മനുഷ്യനെ മറന്നുപോകുകയും മനുഷ്യന്റെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോൾ നിയമത്തിന്റെ ആത്മാവുതന്നെ നഷ്ടപ്പെടുന്നു. “നിയമങ്ങൾ മനുഷ്യനുവേണ്ടിയുള്ളതാണ്; മനുഷ്യൻ നിയമങ്ങൾക്കുവേണ്ടിയുള്ളതല്ല” എന്ന ക്രിസ്തുവിന്റെ വാക്കുകൾ ഇതിന് അടിവരയിടുന്നതാണെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
നീതിയും ന്യായവും ഉറപ്പാക്കേണ്ട നിയമങ്ങൾ തന്നെ അനീതിക്കും ന്യായനിഷേധത്തിനും കാരണമാകുന്ന സാഹചര്യം ഉണ്ടാകരുത്. നിയമങ്ങളെ വ്യാഖ്യാനിക്കുന്നതിലും നടപ്പാക്കുന്നതിലും അവയുടെ അന്തഃസത്തയും മനുഷ്യകേന്ദ്രിതമായ സമീപനവും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. നിയമത്തിന്റെ പേരിൽ മനുഷ്യന്റെ അവകാശങ്ങളും വേദനകളും അവഗണിക്കുന്നത് ക്രിസ്തീയ സമീപനമല്ലെന്നും ബാവ വ്യക്തമാക്കി.
മനുഷ്യന്റെ വിശപ്പിന് ഭക്ഷണം മാത്രമല്ല പരിഹാരം. സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും സമാധാനത്തിന്റെയും കേൾക്കപ്പെടുന്നതിന്റെയും വിശപ്പും മനുഷ്യനുണ്ട്. ഒറ്റപ്പെടലും സ്നേഹമില്ലായ്മയും അംഗീകാരക്കുറവും നിരവധി മനുഷ്യരെ വേദനിപ്പിക്കുന്നുണ്ട്. മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കാനുള്ള മനസ്സ് സമൂഹത്തിൽ വളരേണ്ടത് അനിവാര്യമാണെന്നും ബാവ പറഞ്ഞു. സാങ്കേതികവിദ്യ ഏറെ വളർന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ഹൃദയത്തോട് ഹൃദയം സംസാരിക്കുന്ന ബന്ധങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടോ എന്ന് സഭയും കുടുംബങ്ങളും സമൂഹവും ആത്മപരിശോധന നടത്തണം. കണ്ണിനോട് കണ്ണും ഹൃദയത്തോട് ഹൃദയവും സംസാരിക്കാത്ത അവസ്ഥ പല കുടുംബങ്ങളിലും രൂപപ്പെടുന്നുണ്ട്. ചുറ്റുമുള്ള മനുഷ്യന്റെ യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിയാൻ കഴിയുന്നുണ്ടോ എന്നത് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണെന്നും ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു.
ആരാധന ദൈവാലയത്തിൽ ആരംഭിച്ച് ജീവിതത്തിൽ പൂർത്തിയാകേണ്ടതാണ്. ഇതാണ് ആരാധനയ്ക്കുശേഷമുള്ള ജീവിതത്തിന്റെ അർഥം. നിയമത്തിന്റെ സങ്കീർണതകളിൽ കുടുങ്ങി മറ്റുള്ളവരുടെ പ്രവർത്തികളെ വിമർശിക്കുന്ന സമൂഹമായി മാറുകയല്ല ക്രിസ്തു ആഗ്രഹിക്കുന്നത്. മനുഷ്യനെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് അവന്റെ ജീവിത സാഹചര്യങ്ങളും അവസ്ഥകളും മനസ്സിലാക്കാൻ ശ്രമിക്കണം.
മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളുടെ പിന്നിൽ വിവിധ കാരണങ്ങളുണ്ട്. തെറ്റായ സൗഹൃദവലയങ്ങളും സാമൂഹിക സാഹചര്യങ്ങളും കുട്ടികളെപ്പോലും ലഹരിയുടെ കാരിയർമാരാക്കി മാറ്റുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നു. ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന അടിയന്തര നടപടികൾ പ്രസക്തമാണെന്നും ബാവ പറഞ്ഞു.
മനുഷ്യനുവേണ്ടിയാണ് ശാബത്ത് ഉണ്ടായത്; മനുഷ്യൻ ശാബത്തിനുവേണ്ടിയല്ല. അതുപോലെ നിയമങ്ങളും മനുഷ്യന്റെ നന്മയ്ക്കും അവകാശസംരക്ഷണത്തിനും വേണ്ടിയുള്ളതാണ്. മനുഷ്യന്റെ ആവശ്യങ്ങളും മനസ്സും വേദനിപ്പിച്ചുകൊണ്ട് നിയമം നടപ്പാക്കുന്നതിന്റെ പ്രസക്തി എന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. വ്യവഹാരങ്ങളുടെ വഴിയെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാർഗമായി കാണാനാകില്ല. കേസുകൾ വർഷങ്ങളോളം നീണ്ടുപോകുകയും അനുകൂലമോ പ്രതികൂലമോ ആയ വിധികൾ ഉണ്ടാകുകയും ചെയ്യാം. എന്നാൽ എല്ലാം വ്യവഹാരത്തിലൂടെ കൈവരിക്കാമെന്ന ചിന്ത എത്രമാത്രം നീതിയുക്തവും ന്യായവുമാണ്, അതിൽ എത്രമാത്രം ജനാധിപത്യബോധവും ക്രിസ്തീയതയും നിലനിൽക്കുന്നു എന്നതിനെക്കുറിച്ച് ആത്മപരിശോധന ആവശ്യമാണ്.
നിയമം സമൂഹത്തിന്റെ ഒരു സംവിധാനമാണ്. എന്നാൽ നിയമത്തിന്റെ സംവിധാനത്തിനപ്പുറം സർവത്തിനും മതിയായവനായ ക്രിസ്തുവിലാണ് വിശ്വാസികൾ ആശ്രയിക്കേണ്ടത്. സുവിശേഷത്തിന്റെ ആത്മാവിൽനിന്ന് മാറി സഞ്ചരിക്കരുത്. മനുഷ്യന്റെ ആവശ്യങ്ങളും വേദനകളും അവകാശങ്ങളും പരിഗണിച്ചുകൊണ്ടായിരിക്കണം നിയമത്തെയും നീതിയെയും സമീപിക്കേണ്ടതെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
“നമ്മുടെ ആരാധന മനുഷ്യനെ ഉണർത്തട്ടെ. നമ്മുടെ കുടുംബങ്ങൾ സ്നേഹത്തിന്റെ ഭവനങ്ങളാകട്ടെ. നമ്മുടെ സഭ കരുണയുടെ സമൂഹമായി മാറട്ടെ. നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാക്ഷ്യമാകട്ടെ. നിയമത്തിന്റെ അക്ഷരം മാത്രം പാലിക്കുന്നവരല്ല, സ്നേഹത്തിന്റെ ആത്മാവിൽ ജീവിക്കുന്ന ക്രിസ്ത്യാനികളാകുകയാണ് നമ്മുടെ ലക്ഷ്യം” എന്നും ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.
കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്താ, വികാരി ഫാ. കുര്യാക്കോസ് ചാത്തനാട്ട്, സഹവികാരി ഫാ. ജിൻസ് വർക്കി പുന്നയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭാരവാഹികളും വിശ്വാസികളും ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണം നൽകി.



