ലബനോൻ ● അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയുടെ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ അച്ചാനെയിലെ പാത്രിയർക്കൽ ചാപ്പലായ സെന്റ് സേവേറിയോസ് ഓഫ് അന്ത്യോഖ്യാ ചാപ്പലിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
വിശുദ്ധ കുർബ്ബാനമധ്യേ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ, അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയുടെ സുസ്താത്തിക്കോൻ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയ്ക്ക് നൽകി. സ്ഥാനചിഹ്നമായ കുരിശുമാല അണിയിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തയെ അനുഗ്രഹിച്ചു.
സുറിയാനി പഠനവിഭാഗത്തിന്റെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അഖ്റാസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനയിൽ സഹകാർമികനായി.
പാത്രിയർക്കൽ ഉപദേഷ്ടാവ് അഭിവന്ദ്യ മോർ തെയോഫിലോസ് ജോർജസ് സലീബ, അച്ചാനെയിലെ പാത്രിയർക്കൽ ജീവകാരുണ്യ സ്ഥാപനങ്ങളുടെ പാത്രിയർക്കൽ വികാരി അഭിവന്ദ്യ മോർ സിറിൽ ബാബി, ഇന്ത്യൻ കാര്യങ്ങൾക്കായുള്ള പാത്രിയർക്കൽ സെക്രട്ടറി അഭിവന്ദ്യ മോർ ക്രിസ്റ്റഫോറോസ് മർക്കോസ്, പാത്രിയർക്കൽ സെക്രട്ടറി അഭിവന്ദ്യ മോർ ഔഗേൻ അൽ-ഖൂരി നെമത്ത് എന്നീ മെത്രാപ്പോലീത്തമാരും വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു.
മൂവാറ്റുപുഴ മേഖലയുടെ ആത്മീയ ശുശ്രൂഷകൾക്ക് കൂടുതൽ കരുത്തേകുന്ന സുസ്താത്തിക്കോനും കുരിശുമാലയും ലഭിച്ചത് അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയുടെ ശുശ്രൂഷാജീവിതത്തിലെ ശ്രദ്ധേയമായ അനുഗ്രഹനിമിഷമായി.





