പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ നവംബർ 13-ന് മലങ്കരയിൽ നടത്തപ്പെടുന്ന വിശുദ്ധ മൂറോൻ കൂദാശയുടെ ഒരുക്കങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ സഭാ ആസ്ഥാനത്ത് പ്രത്യേകം സജ്ജീകരിച്ച ബെത്ഗാസൊ മുറിയുടെ കൂദാശ നടന്നു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൂദാശാ ശുശ്രൂഷകൾ. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വന്ദ്യ കോർ എപ്പിസ്കോപ്പന്മാർ, ബഹുമാനപ്പെട്ട വൈദികർ, സഭാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
2004 സെപ്റ്റംബർ 25-ന് ശേഷം മലങ്കരയിൽ നടക്കുന്ന ആദ്യത്തെ വിശുദ്ധ മൂറോൻ കൂദാശ എന്ന പ്രത്യേകതയും ഇത്തവണത്തെ കൂദാശയ്ക്കുണ്ട്. 2026 നവംബർ 13 വെള്ളിയാഴ്ച പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലാണ് വിശുദ്ധ മൂറോൻ കൂദാശ നടക്കുന്നത്. പരിശുദ്ധ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വവും ശ്രേഷ്ഠ കാതോലിക്കാ ബാവാ സഹകാർമികത്വവും വഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാരും ശുശ്രൂഷകളിൽ സന്നിഹിതരാകും.
പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ ആദ്യമായി വിശുദ്ധ മൂറോൻ കൂദാശ നിർവഹിച്ച 1876-ലെ മുളന്തുരുത്തി ചരിത്രസംഭവത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ കൂദാശ ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ മൂറോൻ കൂദാശയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ സഭാ ആസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന ബെത്ഗാസൊ മുറി കൂദാശയുമായി ബന്ധപ്പെട്ട പ്രധാന ഒരുക്കകേന്ദ്രമായി പ്രവർത്തിക്കും.







