കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമാ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാം ഓർമ്മപ്പെരുന്നാളാണു 10 ദിവസം നീണ്ട വിപുലമായ ചടങ്ങുകളോടെ കൊടിയിറങ്ങിയത്. ലക്ഷക്കണക്കിന് വിശ്വാസികളാണ് കാൽനടയായും അല്ലാതെയും പളളിയിൽ എത്തിച്ചേർന്ന് പരിശുദ്ധ ബാവയുടെ കബർ വണങ്ങിയത്.
ഇന്ന് ഒക്ടോബർ 4-ാം തീയതി രാവിലെ അർപ്പിക്കപ്പെട്ട ആദ്യത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് ഹൈറേഞ്ച് മേഖലയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. രണ്ടാമത്തെ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു.
ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ഇത്തവണയും പതിവ് തെറ്റാതെ പരിശുദ്ധ യൽദോ ബാവായുടെ കബർ വണങ്ങാൻ കാളിയാർമഠം ശേഖരൻ, കരിമണ്ണൂർ ഉണ്ണി തുടങ്ങിയ ഗജവീരന്മാർ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം ഗജവീരൻ പാമ്പാടി രാജൻ കബർ വണങ്ങാൻ പള്ളിയിൽ എത്തിയിരുന്നു. പെരുന്നാൾ സമാപന ദിവസം നാട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള ആനകൾ പരിശുദ്ധ ബാവായുടെ കബർ വണങ്ങാനെത്തുന്ന ചടങ്ങ് വർഷങ്ങളായി തുടരുന്നതാണ്.
അഭിവന്ദ്യ ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത, ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം, മുൻ എം.എൽ.എ ആന്റണി ജോൺ, ജനപ്രതിനിധികൾ, വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി, സഹവികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ്ങ് കമ്മിറ്റിയംഗങ്ങൾ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് ഗജവീരന്മാരെ സ്വീകരിച്ച് ശർക്കരയും പഴവും നൽകി. പള്ളിയിൽ ലഭിച്ച ഉൽപ്പന്ന വസ്തുക്കളുടെ ലേലം വിശുദ്ധ കുർബ്ബാനാനന്തരം നടത്തപ്പെട്ടു.
കന്നി 20 പെരുന്നാളിന്റെ സമാപനം കുറിച്ച് വൈകിട്ട് 4 മണിക്ക് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി കൊടിയിറക്കി. പെരുന്നാൾ ചടങ്ങിനോട് അനുബന്ധിച്ച് സഹകരിച്ച ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം, എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. ഐ.എ.എസ്, വിവിധ രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക നേതാക്കന്മാർ, വിവിധ സർക്കാർ വകുപ്പുകൾ, നഗര സഭ പ്രവർത്തകർ, പത്ര ദൃശ്യ മാധ്യമപ്രവർത്തകർ എന്നിവരോടുള്ള നന്ദി വികാരി അറിയിച്ചു.
പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചെങ്കിലും ഭക്തജനങ്ങളുടെ നിലക്കാത്ത പ്രവാഹം തുടരുകയാണ്. വരുന്ന ഒരാഴ്ചകൂടെ (11 ഒക്ടോബർ വരെ ) നീണ്ടു നിൽക്കുന്ന വൈദ്യുത ദീപാലങ്കാരം പള്ളിയെയും കോതമംഗലം പരിസരത്തെയും ഉത്സവ ലഹരിയിൽ നിലനിർത്തും.


