സാന്താക്രൂസ് ● മുംബൈ ഭദ്രാസനത്തിലെ കലീന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പുനർനിർമ്മിച്ച ദൈവാലയത്തിൻ്റെ വി. മൂറോൻ അഭിഷേക കൂദാശയും ബലിയർപ്പണവും ഒക്ടോബർ 10, 11 (ശനി, ഞായർ) തീയതികളിൽ ഭക്തിനിർഭരമായി നടക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും മുംബൈ ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ യൗസേബിയോസ് കുര്യാക്കോസ്,
മോർ അഫ്രേം മാത്യൂസ് എന്നിവരുടെ സഹകാർമികത്വത്തിലുമാണ് കൂദാശാ ശുശ്രൂഷകൾ നടക്കുന്നത്. മുംബൈ ഭദ്രാസനത്തിലെ വൈദികർക്കൊപ്പം സാന്താക്രൂസ് മേഖലയിലെ വിവിധ സഭകളിലെ വൈദികരും ശുശ്രൂഷകളിൽ സംബന്ധിക്കും.
ഒക്ടോബർ 10 ശനിയാഴ്ച വൈകിട്ട് 5-ന് ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്തമാർക്കും ഇടവകയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകും. 5.30-ന് സന്ധ്യാപ്രാർത്ഥനയും 6.15-ന് വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും നടക്കും.
രാത്രി 8 മണിക്ക് പൊതുസമ്മേളനം ആരംഭിക്കും. ഇടവക സെക്രട്ടറി ലിൻസി ബോബി തോമസ് സ്വാഗതം ആശംസിക്കും. വികാരി ഫാ. ലാൽ തോമസ് മണ്ണിൽ ആമുഖപ്രഭാഷണം നടത്തും. മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്ത മോർ യൗസേബിയോസ് കുര്യാക്കോസ് അധ്യക്ഷത വഹിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണം നടത്തും. പെരുമ്പാവൂർ മേഖലാധിപൻ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത അനുമോദനപ്രഭാഷണം നടത്തും.
ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് നെല്ലിക്കാത്തുരുത്തേൽ,
സാന്താക്രൂസ് എക്യുമെനിക്കൽ ഫെല്ലോഷിപ്പ്
പ്രസിഡന്റ് ഫാ. സാം ഉമ്മൻ പനക്കാമറ്റം,
മുംബൈ ഭദ്രാസന അൽമായ ജോയിൻ്റ് സെക്രട്ടറി ടി.എ. ജോർജുകുട്ടി എന്നിവർ പ്രസംഗിക്കും. തുടർന്ന് ആദരിക്കൽ ചടങ്ങും
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ആശീർവാദത്തോടെ സ്മാരകഫലകത്തിന്റെ അനാച്ഛാദനവും നടക്കും. ഇടവക ട്രഷറർ മോളി സൈമൺ കൃതജ്ഞത രേഖപ്പെടുത്തും. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.
ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 7.45-ന് പ്രഭാതപ്രാർത്ഥനയും 8.45-ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വവും, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ അഫ്രേം മാത്യൂസ് എന്നിവർ സഹകാർമികത്വവും വഹിക്കും. 10.15-ന് മധ്യസ്ഥപ്രാർത്ഥന നടക്കും. 11.30-ന് സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. ലാൽ തോമസ് മണ്ണിൽ, സെക്രട്ടറി ലിൻസി ബോബി തോമസ്, ട്രഷറർ മോളി സൈമൺ, പെരുന്നാൾ കൺവീനർമാരായ ബേബി പോൾ, മോളി പോൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.
വി. മൂറോൻ അഭിഷേക കൂദാശയും ബലിയർപ്പണവും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.
