പുത്തൻകുരിശ് ● മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ) സംഘടിപ്പിക്കുന്ന അഖില മലങ്കര കലോത്സവവും ഷെവ. പീറ്റർ കെ. പുലയത്ത് മെമ്മോറിയൽ ക്വിസ് മത്സരവും നാളെ (ഒക്ടോബർ 10 ശനിയാഴ്ച) നടക്കും. എം.ജെ.എസ്.എസ്.എ ഹെഡ്ക്വാർട്ടേഴ്സിലും സെന്റ് അത്തനേഷ്യസ് എം.ജെ.എസ്.എസ്.എ സെന്റിനറി ക്യാമ്പ് സൈറ്റിലുമായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒൻപത് വേദികളിലായി അഞ്ച് വിഭാഗങ്ങളിൽ 18 മത്സരയിനങ്ങൾ നടക്കും.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ
ആരംഭിക്കും. 9:15-ന് എം.ജെ.എസ്.എസ്.എ വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ പതാക ഉയർത്തും. 9:20-ന് മത്സരങ്ങൾ സംബന്ധിച്ച പൊതുനിർദ്ദേശങ്ങൾ നൽകും. തുടർന്ന് 9:30 മുതൽ വിവിധ വേദികളിൽ മത്സരങ്ങൾ ആരംഭിക്കും.
ഉച്ചയ്ക്ക് 2:30-ന് സെൻ്റ് അത്തനേഷ്യസ് എം.ജെ.എസ്.എസ്.എ. സെൻ്റിനറി ക്യാമ്പ് സൈറ്റ് ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം നടക്കും. അഖില മലങ്കര സൺഡേ സ്കൂൾ പ്രസിഡൻ്റ് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി യൽദോ ഐസക് സ്വാഗതവും സെക്രട്ടറി പി.വി ജേക്കബ്ബ് കൃതജ്ഞത അറിയിക്കും. തുടർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ രക്ഷാധികാരിയും അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ചെയർമാനുമാണ്. വൈസ് ചെയർമാനായി ഫാ. ഷിബിൻപോൾ (വൈസ് പ്രസിഡന്റ്), ജനറൽ കൺവീനറായി യൽദോ ഐസക് (ജനറൽ സെക്രട്ടറി), കൺവീനറായി പി.വി. ജേക്കബ്ബ്, (സെക്രട്ടറി), ജോയിന്റ് കൺവീനേഴ്സായി അഡ്വ. പി.ഐ. കുര്യാക്കോസ് (സെക്രട്ടറി), അവിനേഷ് തണ്ടാശ്ശേരിൽ (സെക്രട്ടറി), എം.കെ. വർഗ്ഗീസ് (ട്രഷറാർ) എന്നിവരും പ്രവർത്തിക്കുന്നു.
കൂടാതെ പി.വി. ഏലിയാസ്, ഷെവ. ടി. ടി. ജോയി, പി.വൈ. ജോൺസൺ, സി.പി. ബെന്നി, എം.പി. മാണി, ബിനു മാത്യൂസ്, ജയ്സ് ജോൺ, ടി.വി. സജീഷ്, ജോർജ്ജ് പി.വി., ബിജു ജോൺ, ബാബു പോൾ, ബിജു കെ.കെ., ജോൺ ജോസഫ്., സാജൻ കുര്യാക്കോസ്, എ.വി. തങ്കച്ചൻ എന്നിവരടക്കമുള്ളവർ സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഇടവകകളിൽ നിന്നായി 500-ലധികം വിദ്യാർത്ഥികളും അധ്യാപകരും കലോത്സവത്തിൽ പങ്കെടുക്കും. മത്സരാർത്ഥികൾക്കും സന്ദർശകർക്കുമായി മെഡിക്കൽ കൗണ്ടർ, റിഫ്രഷ്മെന്റ് പോയിന്റ്, ഹെൽപ് ഡെസ്ക്, എൻ്റർടെയിൻമെന്റ് കൗണ്ടർ, സെൽഫി കോർണർ തുടങ്ങിയ സൗകര്യങ്ങൾ കലോത്സവ നഗരിയിൽ സജ്ജീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ, റിസപ്ഷൻ, സമ്മാനവിതരണം, മെഡിക്കൽ സേവനം, ഭക്ഷണം, ഹെൽപ് ഡെസ്ക്, ടാബുലേഷൻ, സാങ്കേതിക വിഭാഗം, ഡിജിറ്റൽ മീഡിയ, എൻ്റർടെയിൻമെന്റ് തുടങ്ങിയ മേഖലകളിൽ പ്രത്യേക ടീമുകൾ പ്രവർത്തിക്കും.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പാത്രിയർക്കാ സെന്റർ, എം.എ.എം. ഹൈസ്കൂൾ, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി എന്നിവിടങ്ങളിലെ ഗ്രൗണ്ടുകൾ മാത്രം ഉപയോഗിക്കണമെന്ന് സംഘാടകർ അറിയിച്ചു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ കലോത്സവത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.




