മണർകാട് ● ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയാർക്കീസ് ബാവായുടെ ഓർത്തഡോക്സ് സഭയുമായുള്ള ആദ്യസംഗമം പരുമലയുടെ മണ്ണിൽ ആകാമെന്നും പാത്രിയാർക്കീസ് ബാവായെ ഓർത്തഡോക്സ് സഭ പരുമലയിലേക്ക് ക്ഷണിക്കട്ടെയെന്നും സുറിയാനി സഭയുടെ പ്രാദേശിക തലവനും മലങ്കര മെത്രാപ്പൊലീത്തായുമായ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവാ. മണർകാട് പള്ളിയിൽ പാത്രിയാർക്കീസ് ബാവായുടെ കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവാ.
പാത്രിയാർക്കീസ് ബാവായുടെ മലങ്കരയിലെ ആദ്യസന്ദർശനത്തിൽ ത്തന്നെ പരുമലയിൽ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാൽ ഓർത്തഡോക്സ് സഭയുടെ ക്ഷണം സ്വീകരിക്കുന്നതായും പരുമലയുടെ മണ്ണിൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും മോർ ബസേലിയോസ് ജോസഫ് ബാവാ പറഞ്ഞു. പരുമല സെമിനാരിയുടെ ആധാരം ഓർത്തഡോക്സ് വിഭാഗം പരിശോധിക്കണം. മണ്ണൂത്തി അരമനയുടെ ആധാരം കാലം ചെയ്ത ദിവന്നാസ്യോസ് തിരുമേനിയുടെ പേരിലാണ്. അർഹതപ്പെടാത്ത ഒരിടത്തും പാത്രിയാർക്കീസ് ബാവായോ താനോ പ്രവേശിക്കില്ല. നാളെ മുതൽ മണർകാട് പള്ളിയിൽ കയറണ്ട എന്ന് കോടതി പറഞ്ഞാൽ അത് ആദരിക്കും. ഒരു മെത്രാപ്പൊലീത്താ കയറിയില്ലെന്നതുകൊണ്ട് മണർകാട്ട് വിശ്വാസത്തിന് ഒരു കുറവും സംഭവിക്കില്ല. മണർകാട് പള്ളിയിൽ കയറുന്നതിനാണ് പ്രശ്നമെങ്കിൽ, സഭാ യോജിപ്പിൽ പോലും മലങ്കര അസോസിയേഷനിൽ മണർകാട് പള്ളി പങ്കെടുത്തിട്ടില്ല. കോടതിയിൽ അതിൻ്റെ തെളിവുണ്ട്. മണർകാട് പള്ളി പങ്കെടുക്കേണ്ടന്ന് അന്നത്തെ ഓർത്തഡോക്സ് സഭയുടെ മെത്രാപ്പൊലീത്താ പാറേട്ട് മാർ ഈവാനിയോസ് കല്പന നൽകിയിട്ടുണ്ട്. ഇത് വ്യക്തമായ തെളിവാണ്. ഇനിയും പള്ളികൾ വേണമെന്നാണ് പറയുന്നത്. അങ്ങനെ നിയമം പറയുന്നുവെങ്കിൽ യാക്കോബായ സഭ എതിരുനിൽക്കില്ല.
ഇനി കോലാഹലമുണ്ടാക്കി ഒരുപള്ളിയും പിടിച്ചു നിർത്താൻ യാക്കോബായ സഭ ആഗ്രഹിക്കുന്നില്ല. അങ്ങനെ സാഹചര്യം വന്നാൽ അവിടെ വിശ്വാസികൾ പ്രാർഥിച്ചിരിക്കും. പ്രാർഥനമാത്രമായിരിക്കും ആയുധം.
ദേവാലയങ്ങൾക്ക് സ്ഥാപന ഉദ്ദേശ്യമുണ്ട്, അത് അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിൽ ആയിരിക്കണമെന്ന് എഴുതിവച്ചിട്ടുണ്ട്. മണർകാട് പള്ളിയുൾപ്പെടെ ഓർത്തഡോക്സ് സഭയ്ക്ക് പോകേണ്ടതാണെന്നുണ്ടെങ്കിൽ അതിന് സിവിൽ കോടതിയിൽ കേസ് കൊടുക്കണം. അവിടെ രേഖകൾ ഹാജരാക്കി ഉടമ സ്ഥാവകാശം തെളിയിക്കണം, ആധാരം കൊടുക്കണം, കരം അടയ്ക്കണം. അല്ലാതെ വെറുതെ അവകാശം ഉന്നയിക്കേണ്ടന്നും ശ്രേഷ്ഠ ബാവാ വ്യക്തമാക്കി.
പാത്രിയാർക്കീസ് ബാവായെ അംഗീകരിക്കണമെന്ന് ആരെയും നിർബന്ധിക്കുന്നില്ല, വ്യത്യസ്തതയെ അംഗീകരിച്ചും ആദരിച്ചും രണ്ട് വ്യത്യസ്തസഭകളായി കഴിയാമെന്നും ശ്രേഷ്ഠ ബാവാ പറഞ്ഞു