മലങ്കര സഭയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായി പരിശുദ്ധ പാത്രിയർക്കീസ് ബാവ
മണർകാട് ● പതിനായിരങ്ങളുടെ പ്രാർഥനയ്ക്കും ഭക്തിനിർഭരമായ സാന്നിധ്യത്തിനും സാക്ഷിയായി മണർകാട് മർത്തമറിയം യാക്കോ ബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അര വിതീയൻ പാത്രിയർക്കീസ് ബാവാ കുർബാന അർപ്പിച്ചു. പള്ളിയിലും പ്രത്യേകം സജ്ജീകരിച്ച പന്തലിലുമാ യി പതിനായിരങ്ങളാണു കുർബാന യിൽ ഭക്തിപൂർവം പങ്കുചേർന്നത്.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ , ഐസക് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ അന്തിമോസ്,എന്നിവർ സഹകാർമികരായി.
അന്ത്യോക്യൻ പ്രതിനിധി സംഘത്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ അൽഖുസ്യ മെയർ രൂപതകളുടെ മെത്രാൻ അൻബാ തോമസ്, അർമേനിയൻ ഓർത്തഡോക്സ് സഭയുടെ ആലപ്പോ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാഗർ അഷ്കരിയാൻ, കയ്റോ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് അഷോദ് മ്നാത്സകാനിയൻ തുടങ്ങിയവരും പങ്കെടുത്തു. ഇതു രണ്ടാം തവണയാണു പാത്രിയർക്കീസ് ബാവാ മണർകാട് പള്ളിയിൽ എത്തുന്നത്.
നടന്ന സമ്മേളനത്തിൽ പാത്രിയർക്കീസ് ബാവ വിശ്വാസികളെ കുർബാനയ്ക്കുശേഷം ദേവാലയത്തിനു പുറത്ത് ഒരുക്കിയ പന്തലിൽ ആശീർവദിച്ച് അനുഗ്രഹപ്രഭാഷണം നടത്തി. മണർകാട് പള്ളിയുടെ സ്ഥാനം തന്റെ ഹൃദയത്തിലാണെന്നും മലങ്കര സഭയിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കപ്പെടുമെന്നാണു പ്രത്യാശിക്കുന്നതെന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവാ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു.
കോട്ടയം ഭദ്രാസനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു. മണർകാട് സെന്റ് മേരീസ് കോളജിൽ പുതുതായി നിർമിച്ച ബ്ലോക്കിന്റെ ഉദ്ഘാടനവും മാലത്ത് പണികഴിപ്പിച്ച കുരിശിൻ തൊട്ടിയിൽ സ്ഥാപിക്കുന്നതിനുള്ള കുരിശിന്റെ ആശീർവാദവും പാത്രിയർക്കീസ് ബാവാ നിർവഹിച്ചു.