മണർകാട് ● ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയാർക്കീസ് ബാവായുടെ മണർകാട് പള്ളി സന്ദർശനം ആഘോഷമാക്കി വിശ്വാസ സമൂഹം. പാത്രിയാർക്കീസ് ബാവാ മണർകാട് പള്ളിയിൽ കുർബാന അർപ്പിക്കുന്നതിനെതിരേ ഓർത്തഡോക്സ് വിഭാഗം രംഗത്തെത്തിയത് വലിയ പ്രതിഷേധമുയർത്തിയിരുന്നു.
ഹൈക്കോടതിയും കോട്ടയം സബ് കോടതിയും അനുകൂല ഉത്തരവ് പുറപ്പെടുവിക്കാഞ്ഞതോടെ പാത്രിയാർക്കീസ് ബാവായുടെ കുർബാന സർക്കാർ ചെലവിലുള്ള നിയമ ലംഘനമെന്ന ആരോപണമുയർത്തി സർക്കാരിനെതിരേയും ഓർത്തഡോക്സ് സഭ രംഗത്തെത്തി. നിയമലംഘനമുണ്ടോയെന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്ന് കുർബാനയർപ്പിക്കുന്നതിന് തടസ്സമില്ലെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശവും പാത്രിയാർക്കീസിനെ തടയണമെന്ന ഹർജി കോട്ടയം സബ് കോടതി തള്ളിയതും യാക്കോബായ വിഭാഗത്തിന് കൂടുതൽ കരുത്തേകി. ഇതോടെ പാത്രിയാർക്കീസിൻ്റെ മണർകാട് സന്ദർശനം വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഞായറാഴ്ച രാവിലെ മുതൽ തന്നെ പള്ളിയിലേക്ക് വിശ്വാസികൾ ഒഴുകിയെത്തി.
പള്ളിയും പരിസരങ്ങളും പാത്രിയർക്കീസ് ബാവാ എത്തുംമുമ്പേ നിറഞ്ഞു കവിഞ്ഞു. 9.15-ന് പള്ളിക്കവലയിലെത്തിയ പാത്രിയാർക്കീസ് ബാവായ്ക്ക് വൻ വരവേല്പാണൊരുക്കിയത്. തടിച്ചു കൂടിയ വിശ്വാസികൾക്കിടയിലൂടെ തുറന്ന വാഹനത്തി ലെത്തിയ ബാവായ്ക്ക് ഇരുവശങ്ങളിലും നിന്ന വിശ്വാസികൾ സ്വാഗതമരുളി.
ഡിവൈ.എസ്.പി. റിജോ പി .ജോസഫിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ബാവായ്ക്ക് സുരക്ഷയൊരുക്കാനെത്തി. കോട്ടയം തഹസിൽദാർ സിറിൽ സഞ്ജു ജോർജിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗ സ്ഥരും എത്തിയിരുന്നു.
കുർബാനയ്ക്കുശേഷം പള്ളിമുറ്റത്ത് പ്രത്യേകം സജ്ജീകരി ച്ചിരിക്കുന്ന വേദിയിൽ പാത്രിയാർക്കീസ് ബാവാ വിശ്വാസ സമൂഹത്തെ ആശീർവദിച്ചു. കോട്ടയം ഭദ്രാസനത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനവും കോളേജിൽ പുതുതായി നിർമിച്ച ബ്ലോക്കിന്റെ ഉദ്ഘാടനവും മാലം കരയിൽ പുതുതായി പണികഴിപ്പിച്ച കുരിശിൻ തൊട്ടിയിൽ സ്ഥാപിക്കുന്നതിനുള്ള കുരിശിന്റെ ആശീർവാദവും പാത്രിയാർക്കീസ് ബാവാ നിർവഹിച്ചു.
പള്ളിമുറ്റത്ത് 30,000-ത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള താത്കാലിക പന്തൽ സജ്ജീകരിച്ചിരുന്നു. കുർബാന ദർശിക്കുന്നതിനായി കൂടുതൽ എൽ.ഇ.ഡി. ഡിസ്പ്ലേ സംവിധാനങ്ങളും ഒരുക്കി.
ക്രമീകരണങ്ങൾക്ക് ഇടവക വികാരി വെരി. റവ. കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത്, പ്രോ ഗ്രാം കമ്മിറ്റി കൺവീനർമാ രായ വെരി.റവ. ജെ. മാത്യു കോർ എപ്പിസ്കോപ്പാ മണവത്ത്, ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരി, കോഡിനേറ്റർ ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, ട്രസ്റ്റി മാരായ ഇ.വി. കുറിയാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സ്കറിയാ ച്ചൻ പി.എ. പള്ളത്ത്, സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ നേതൃത്വം നൽകി.