മണർകാട് ● അന്ത്യോഖ്യായിൽ നിന്ന് മലങ്കരയിലെത്തിയ പിതാക്കന്മാർ മടങ്ങിപ്പോകുമെന്ന ഒരുറപ്പുമില്ലാതെ എല്ലാം ഉപേക്ഷിച്ചാണെത്തിയതെന്നും, സത്യവിശ്വാസം സംരക്ഷിക്കാൻ ഏറെ ത്യാഗങ്ങൾ സഹിച്ച അവരുടെ മലങ്കരയിലെ കബറുകൾ അതിൻ്റെ ജീവിക്കുന്ന തെളിവുകളാണെന്നും, ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവാ പറഞ്ഞു. മണർകാട് പള്ളിയിൽ വി. കുർബാനയ്ക്കുശേഷം സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ബാവ.
സുറിയാനി സഭ വലിയ പീഡനങ്ങളുടെ നടുവിൽക്കൂടിയാണ് കടന്നുപോകുന്നത്. സിറിയയിലും ഇറാഖിലും ടർക്കിയിലുമുള്ള സഭാവിശ്വാസികൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. അന്ത്യോഖ്യായിൽ നമുക്ക് കഷ്ടതകളുണ്ടെങ്കിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും വിശ്വാസികൾ ഉറച്ചുനിൽക്കുന്നു.
150 വർഷം മുൻപ് മുളന്തുരുത്തി സുന്നഹദോസ് ചേർന്നപ്പോൾ ഒരു സഭയും ഒരു മെത്രാപ്പൊലീത്തായുമാണ് സഭയെ നയിച്ചത്. അന്ന് ഐക്യവും സമാധാനവും ഉണ്ടായി. സഭ ഒന്നായിക്കാണാനാണ് ആഗ്രഹം. പരസ്പരം അംഗീകരിച്ച് മുന്നോട്ടുപോകണം. സമാധാനം എന്നത് ഒന്നായിത്തീരുകമാത്രമല്ല; വിവിധ സഭകളായി നിന്നുകൊണ്ട് പരസ്പരസ്നേഹത്തിലും പങ്കുവെയ്ക്കലിലും മുന്നോട്ടുപോകണം. ഇന്നീ വേദിയിൽ കോപ്റ്റിക് സഭയുടെ പ്രതിനിധിയും അർമീനിയൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയും ഓറിയൻ്റൽ ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയും ഒക്കെയുണ്ട്. ഈ സഭകളെല്ലാം തങ്ങളുടെ വ്യക്തിത്വം നിലനിർത്തി പരസ്പരം സ്നേഹത്തോടെ മുന്നോട്ടുപോകുകയാണ്. ഇതാണ് ഒരുമ.
ഭാരതത്തിലെ സഭകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച്, ഏതുതരത്തിലുള്ള ഐക്യമാണ് ഉണ്ടാകേണ്ടതെന്ന് നമുക്ക് ചിന്തിക്കാം. ഭാരതത്തിലെ സഭാ ഐക്യത്തെ സംബന്ധിച്ചുള്ള തീരുമാനമെടുക്കുമ്പോൾ അതിനെ അംഗീകരിക്കാൻ പാത്രിയാർക്കീസ് എന്നനിലയിൽ ഞാനും സുന്നഹദോസ് അംഗങ്ങളും തയ്യാറാണ്. നമ്മുടെ വിശ്വാസം സംരക്ഷിച്ചും വ്യക്തിത്വം നിലനിർത്തിയും ഇവിടെയുള്ള സഭാമക്കൾ അംഗീകരിക്കുന്ന സമാധാനത്തെയാണ് നാമും ആഗ്രഹിക്കുന്നതെന്നും പാത്രിയാർക്കീസ് ബാവാ പറഞ്ഞു. പാത്രിയാർക്കീസ് ബാവാ മണർകാട് പള്ളിയിൽ കുർബാനയർപ്പിച്ചു. ഞായറാഴ്ച നടന്ന മൂന്നിന്മേൽ കുർബാനയിൽ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവായും സഭയിലെ മെത്രാപ്പൊലീത്താമാരും സഹകാർമികരായി.
രാവിലെ ഒൻപതുമണിയോടെ പള്ളിക്കവലയിലെത്തിയ പാത്രിയാർക്കീസ് ബാവായെ കുരുത്തോലകളുമായി വിശ്വാസിസമൂഹം എതിരേറ്റു. തുറന്ന വാഹനത്തിൽ ബാവായെ കത്തീഡ്രലിലേക്ക് ആനയിച്ചു. ഇരുവശവും തടിച്ചുകൂടി നിന്ന നൂറുകണക്കിന് വിശ്വാസികളെ പാത്രിയാർക്കീസ് ബാവാ ആശീർവദിച്ചു.
പ്രാർഥന മലയാളത്തിലും
മണർകാട് പള്ളിയിൽ അർപ്പിച്ച കുർബാനയിൽ മലയാളത്തിലും പ്രാർഥനകൾ ചൊല്ലി പരിശുദ്ധ പാത്രിയർക്കീസ് ബാവാ. ‘ദൈവമേ നീ പരിശുദ്ധനാകുന്നു’, ‘സ്വർഗസ്ഥ നായ പിതാവേ’ എന്നീ പ്രാർഥനകളാണ് മലയാളത്തിൽ പാത്രിയർക്കീസ് ബാവാ ചൊല്ലിയത്.