കോതമംഗലം ● പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ മധ്യസ്ഥത തേടി പതിനായിരങ്ങൾ ഒഴുകിയെത്തിയതോടെ കോതമംഗലം നഗരം ഭക്തിസാന്ദ്രമായി. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ പ്രധാന പെരുന്നാൾ ദിനത്തിൽ നഗരവീഥികളും മാർ തോമാ ചെറിയപള്ളിയും വിശ്വാസികളുടെ മഹാപ്രവാഹത്തിന് സാക്ഷ്യം വഹിച്ചു. ഇടയ്ക്കിടെ പെയ്ത മഴയ്ക്കിടയിലും പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ വിശ്വാസികൾ പെരുന്നാൾ ചടങ്ങുകളിൽ പങ്കുചേർന്നു.
രാവിലെ അർപ്പിക്കപ്പെട്ട ഒന്നാമത്തെയും രണ്ടാമത്തെയും വിശുദ്ധ കുർബ്ബാനകൾക്ക് അഭിവന്ദ്യ ഡോ. എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തയും, അഭിവന്ദ്യ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിച്ചു. മൂന്നാമത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രധാന കാർമികത്വം വഹിച്ചു.
അഭിവന്ദ്യരായ ഏലിയാസ് മോർ യൂലിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നീ മെത്രാപ്പോലീത്തമാർ സന്നിഹിതരായി. പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ മധ്യസ്ഥ പ്രാർത്ഥന നമ്മുടെ വേദനകളും പ്രയാസങ്ങളും മാറ്റുവാൻ ഇടയാകട്ടെ എന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2 മണിക്ക് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ ചക്കാലക്കുടി ചാപ്പലിലേക്ക് 151 സ്വർണക്കുരിശുകളുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തി. ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്ന പ്രദക്ഷിണം പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ ഭക്തിനിർഭരമായ ശോഭ പകർന്നു.
പതിവ് പോലെ ഗതകാല സ്മരണകളുടെ പ്രദക്ഷിണ വഴിയിൽ ചക്കാല തറവാട്ടിലെ പിൻ തലമുറക്കാരൻ പുതീക്കൽ സുരേഷ് കോൽ വിളക്കേന്തി. തുടർന്ന് പള്ളിയിലെ ഉപകരണങ്ങൾ ആഘോഷപൂർവം മേമ്പൂട്ടിലേക്ക് തിരികെ കൊണ്ടുപോയി. എം.ബി.റ്റ്.സ് എൻജിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ പള്ളിയങ്കണത്തിൽ എൽ.ഇ.ഡി. വാൾ ഷോയും സംഘടിപ്പിച്ചു.
ഇന്ന് രാവിലെ 6.30-ന് നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ ഏലിയാസ് മോർ അത്താനാസിയോസ് മെത്രപ്പോലീത്തയും 8.30-നു രണ്ടാമത്തെ വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്തയും കാർമികത്വം വഹിച്ചു. 10 ഗജവീരന്മാർ പരിശുദ്ധ ബാവായുടെ കബർ വണങ്ങുവാൻ എത്തിച്ചേരും.
വൈകിട്ട് 4-ന് പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമപ്പെരുന്നാളിന് കൊടിയിറങ്ങും. വൈകിട്ട് 6-ന് നടത്തപ്പെടുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. ഒക്ടോബർ 11 വരെ ദീപാലങ്കാരങ്ങൾ ഉണ്ടായിരിക്കും.

