കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. മലങ്കരയുടെ യാക്കോബ് ബുർദ്ദോനോ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ 2019 ഒക്ടോബർ 6-ാം തീയതിയാണ് യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ രണ്ടാം കൂനൻ കുരിശു സത്യം നടത്തിയത്.
കോതമംഗലം മേഖലയുടെ അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത തിരിതെളിയിച്ച് വാർഷിക യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് അനുഗ്രഹ പ്രഭാഷണം നടത്തി. പരിശുദ്ധ പിതാക്കന്മാർ കാണിച്ച് പഠിപ്പിച്ച സത്യവിശ്വാസം കാത്തു സൂക്ഷിക്കുവാൻ എല്ലാ വിശ്വാസികളും ഉത്സുകരാന്നെമെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽക്കുരിശിൽ ആലാത്ത് കെട്ടി അതിൽ പിടിച്ചു കൊണ്ട് വിശ്വാസികൾ പള്ളി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി.
”സൂര്യചന്ദ്രന്മാരും ഭൂമിയുമുള്ളിടത്തോളം കാലം ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ മറക്കുകയില്ല” എന്ന സത്യവിശ്വാസത്തെ വീണ്ടും ഏറ്റു ചൊല്ലി ഉറപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി, സഹ വികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു കാഞ്ഞിരത്തുങ്കൽ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലിം ചെറിയാൻ, എബി ചേലാട്ട്, , ഡോ. റോയി മാലിയിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
സഭയിലെ ബഹുമാനപ്പെട്ട അനേകം വൈദീകരും ആയിരക്കണക്കിന് വിശ്വാസികളും ഏഴാം വാർഷികത്തിൽ പങ്കു ചേർന്നു.







