ന്യൂജഴ്സി ● നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് വാർഷിക കുടുംബസമ്മേളനം അമേരിക്കയിലെ ന്യൂജഴ്സിയിലെ ഓൾഡ് ടാപ്പനിലുള്ള അതിഭദ്രാസന ആസ്ഥാനത്ത് ആത്മീയ നിറവിൽ സമാപിച്ചു. അതിഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വന്തം ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട വാർഷിക കുടുംബസമ്മേളനമെന്ന പ്രത്യേകത ഈ വർഷത്തെ സമ്മേളനത്തിനുണ്ടായിരുന്നു. കൂടാതെ, ശ്രേഷ്ഠ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തതിന് ശേഷം ആദ്യമായി അമേരിക്ക സന്ദർശിച്ച ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സാന്നിധ്യം സമ്മേളനത്തിന് കൂടുതൽ ആത്മീയപ്രൗഢി പകർന്നു.
സമാപന ദിനത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത, വൈദികർ, വിവിധ ഇടവകകളിൽ നിന്നെത്തിയ വിശ്വാസികൾ എന്നിവർ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു. ആത്മീയ നവീകരണവും ക്രൈസ്തവ കൂട്ടായ്മയും ദൈവാനുഗ്രഹങ്ങളും സമ്മാനിച്ച ഈ കുടുംബസമ്മേളനത്തിന് സർവ്വശക്തനായ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്. “കർത്താവിനെ കണ്ടെത്തുവാൻ കഴിയുമ്പോൾ അവിടുത്തെ അന്വേഷിപ്പിൻ; അവിടുന്ന് സമീപത്തായിരിക്കുമ്പോൾ അവിടുത്തെ വിളിച്ചപേക്ഷിപ്പിൻ” (യെശയ്യാവ് 55:6) എന്ന ഈ വർഷത്തെ പ്രമേയം കുടുംബങ്ങളിലും ഇടവകകളിലും സമൂഹത്തിലും ആത്മീയഫലങ്ങൾ കായ്ക്കട്ടെയെന്ന പ്രാർത്ഥനയും സംഘാടകർ പങ്കുവെച്ചു.








