അമ്പലമുകൾ ● മലങ്കരയുടെ പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ അമ്പലമുകൾ മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിൽ പരിശുദ്ധ പിതാവിന്റെ ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം.
പെരുന്നാളിന് തുടക്കം കുറിച്ച് ഇന്ന് വിശുദ്ധ കുർബ്ബാനയ്ക്കുശേഷം അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി വന്ദ്യ ബേബി ചാമക്കാല കോർ എപ്പിസ്കോപ്പ, ചാപ്പൽ ഭാരവാഹികൾ, വിശ്വാസികൾ എന്നിവർ സംബന്ധിച്ചു.
ഇന്ന് വൈകിട്ട് 6.30-ന് അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, പരിശുദ്ധ പിതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം എന്നിവ നടക്കും. തുടർന്ന് രാത്രി 8-ന് പ്രദക്ഷിണവും തുടർന്ന് ആശിർവാദവും ഉണ്ടായിരിക്കും.
പ്രധാന പെരുന്നാൾ ദിനമായ നാളെ (നവംബർ 1, ഞായറാഴ്ച) രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥനയും 8.15-ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും നടക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യകാർമികത്വം വഹിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ യാക്കോബ് മോർ അന്തോണിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നിവർ സഹകാർമികരായിരിക്കും.
തുടർന്ന് പ്രസംഗം നടക്കും. രാവിലെ 11-ന് പ്രദക്ഷിണം, 11.30-ന് ആശീർവാദം, നേർച്ചസദ്യ, ഫലശേഖര ലേലം എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.
