പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പരിപാവന നാമധേയത്തിൽ പരിശുദ്ധ സഭ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ ബഥാനിയയിൽ സജ്ജീകരിച്ച മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് ഡിജിറ്റൽ മ്യൂസിയം ‘മിസ്പ’യുടെ പ്രഥമഘട്ട കൂദാശയും സമർപ്പണവും ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിച്ചു. ചടങ്ങിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു.
ശ്രേഷ്ഠ ബാവായുടെ ജീവിതവും സ്മരണകളും സഭയ്ക്കും വിശ്വാസിസമൂഹത്തിനും അദ്ദേഹം നൽകിയ ആത്മീയവും സാമൂഹികവുമായ സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സഭാചരിത്രത്തിലെ സുപ്രധാന ഏടുകൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
സഭയുടെ ചരിത്രവും ശ്രേഷ്ഠ ബാവായുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളും ദൃശ്യവൽക്കരിക്കുന്ന ‘മിസ്പ’ വിശ്വാസികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ചരിത്ര-സ്മാരക കേന്ദ്രമായി മാറും.




