ശാസ്താംകോട്ട (കൊല്ലം) ● കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ത്രിവത്സര സമ്മേളനത്തിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. ഒക്ടോബർ 27 മുതൽ 29 വരെ ശാസ്താംകോട്ട മൗണ്ട് ഹോരേബ് ആശ്രമത്തിൽ നടന്ന സമ്മേളനത്തിലാണ് മെത്രാപ്പോലീത്ത പങ്കെടുത്തത്.
“വഴിത്തിരിവിൽ സഭ: സമകാലീന ഇന്ത്യയിലെ ക്രൈസ്തവ സാക്ഷ്യത്തെ പുനർവിചിന്തനം ചെയ്യുക” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ത്രിവത്സര സമ്മേളനം സംഘടിപ്പിച്ചത്. സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ സഭയുടെ ദൗത്യവും ക്രൈസ്തവ സാക്ഷ്യവും സംബന്ധിച്ച ഗൗരവമായ ചർച്ചകൾക്ക് വേദിയായ സമ്മേളനത്തിൽ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് ക്ലെർജി കമ്മീഷൻ ചെയർമാനായി ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയുടെ സഹവികാരിയും യാക്കോബായ സുറിയാനി സഭയുടെ യൂത്ത് അസ്സോസിയേഷൻ അഖില മലങ്കര വൈസ് പ്രസിഡന്റുമാണ് അദ്ദേഹം.

