കടയ്ക്കനാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപനും അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ ജൂബിലി നിറവിൽ. 1976 നവംബർ 2-ന് ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായിൽ നിന്ന് മലേക്കുരിശ് ദയറായിൽ വച്ച് വൈദികപട്ടം സ്വീകരിച്ച അഭിവന്ദ്യ മെത്രാപ്പോലീത്ത നാളെ (നവംബർ 2) പൗരോഹിത്യ ജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
ജൂബിലിയുടെ ഭാഗമായി കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട്ടിൽ സൗജന്യ ഡയാലിസിസ് സെന്റർ നിർമിക്കും. 6,300 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന കേന്ദ്രത്തിൽ പ്രതിദിനം 30 രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കും. മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയും ഈ വർഷമായിരുന്നു.
ഭദ്രാസന ആസ്ഥാനത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ‘ആശ്വാസ ഭവനിൽ’ അനാഥരും വയോധികരും കിടപ്പുരോഗികളുമായ 47 പേർക്ക് പരിചരണവും സംരക്ഷണവും നൽകി വരുന്നു. ജൂബിലി ദിനമായ നാളെ ഗിരിമുകൾ മോർ ഗ്രീഗോറിയോസ് ചാപ്പലിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും.
1954 ഏപ്രിൽ 29-ന് കണ്ടനാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ ആലുങ്കൽ മാത്യു ഏബ്രഹാമിന്റെയും മേരിയുടെയും മകനായി ജനിച്ചു. മുൻ കേന്ദ്രമന്ത്രി എ.എം. തോമസ് പിതൃസഹോദരനാണ്. കടുംഗമംഗലം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും ചോറ്റാനിക്കര ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തുടർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ പ്രീഡിഗ്രി പഠനം നടത്തി. പഠനത്തിനുശേഷം അന്നത്തെ ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ പൗലോസ് മോർ പീലക്സീനോസ് തിരുമേനിയുടെ പ്രത്യേക താൽപര്യപ്രകാരം തിരുമേനിയിൽ നിന്നു തന്നെ ശെമ്മാശപട്ടം സ്വീകരിച്ചു.
ശെമ്മാശനായതിനെത്തുടർന്ന് അഭിവന്ദ്യ പൗലോസ് മോർ പീലക്സീനോസ് തിരുമേനിയോടൊപ്പം മൂവാറ്റുപുഴ അരമനയിൽ താമസം ആരംഭിച്ചു. ഇക്കാലയളവിൽ തിരുമേനിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അരമനയിൽ താമസിച്ചുകൊണ്ടുതന്നെ മൂവാറ്റുപുഴ നിർമല കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് രണ്ട് വർഷത്തോളം മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കായും കണ്ടനാട് ഭദ്രാസനാധിപനുമായിരുന്ന പുണ്യശ്ലോകനായ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ സെക്രട്ടറിയായി നിസ്തുല സേവനം അനുഷ്ഠിച്ചു. പിന്നീട് ശ്രേഷ്ഠ കാതോലിക്ക ബാവായിൽ നിന്നുതന്നെ കശ്ശീശാപട്ടം സ്വീകരിച്ചു.
പൂനെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലായിരുന്നു ആദ്യമായി ഇടവക ചുമതല ലഭിച്ചത്. തുടർന്ന് ഡൽഹി, ഫരീദാബാദ്, ബഹ്റൈൻ തുടങ്ങിയ ഇടവകകളിലും സേവനം അനുഷ്ഠിച്ചു. പിന്നീട് കണ്ടനാട് ഭദ്രാസനത്തിലെ മുളപ്പുറം, വലമ്പൂർ, കൊട്ടാരക്കുന്ന്, ശ്രാപ്പിള്ളി തുടങ്ങിയ ഇടവകകളിലും ശുശ്രൂഷ ചെയ്തു. കണ്ടനാട് വിശുദ്ധ മർത്തമറിയം പള്ളിയിൽ സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് ദൈവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
1997 കാലഘട്ടത്തിൽ കണ്ടനാട് ഭദ്രാസനത്തിൽ സത്യവിശ്വാസപരമായ വെല്ലുവിളികൾ ഉയരുകയും ഭദ്രാസനത്തിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകുകയും ചെയ്തപ്പോൾ ഭദ്രാസനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് ബഹു. ജോയി ആലുങ്കൽ അച്ചൻ ഭദ്രാസന അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു. 2000 ഓഗസ്റ്റ് 6-ന് പുണ്യശ്ലോകനായ കുര്യാക്കോസ് മോർ യൂലിയോസ് തിരുമേനിയിൽനിന്ന് റമ്പാൻ സ്ഥാനം സ്വീകരിച്ചു.
2001 ജനുവരി 14-ന് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ ഡമാസ്കസിലെ പാത്രിയർക്കൽ കത്തീഡ്രലിൽ വച്ച് കണ്ടനാട് ഭദ്രാസന അഡ്മിനിസ്ട്രേറ്ററായിരുന്ന ആലുങ്കൽ വന്ദ്യ മാത്യൂസ് റമ്പാച്ചനെ ‘മാത്യൂസ് മോർ ഈവാനിയോസ്’ എന്ന നാമധേയത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. കണ്ടനാട് ഭദ്രാസനത്തിന്റെ ഭരണച്ചുമതലയോടൊപ്പം തൃശൂർ, അമേരിക്കൻ ഭദ്രാസനങ്ങളുടെയും ചുമതല ഏതാനും കാലം നിർവഹിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്ത ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്തതോടെ കണ്ടനാട് ഭദ്രാസനം സമഗ്രമായ പുരോഗതിയുടെ പാതയിലായി. കടമറ്റത്തിന് സമീപം കടയ്ക്കനാട്ടിൽ ഭദ്രാസന ആസ്ഥാനവും അരമന പള്ളിയും സ്ഥാപിച്ചു. അതോടൊപ്പം അഗതികൾക്ക് അഭയവും പരിചരണവും നൽകുന്നതിനായി അഗതിമന്ദിരവും ആരംഭിച്ചു. കണ്ടനാട്ടും കൂത്താട്ടുകുളത്തും ഭദ്രാസന സെന്ററുകൾ സ്ഥാപിച്ച് ഭദ്രാസനത്തിലെ ഇടവകകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകി. പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന ഭദ്രാസനത്തെ ഇന്ന് വിപുലമായ ആത്മീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളുള്ള പ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിൽ തിരുമേനിയുടെ നേതൃത്വവും ദീർഘവീക്ഷണവും നിർണായകമായി. അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡൻ്റായും അഭിവന്ദ്യ മെത്രാപ്പോലീത്ത നിലവിൽ സേവനമനുഷ്ഠിക്കുന്നു.
