പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ (ജെ.എസ്.ഒ.വൈ.എ) യുവജനമാസാചരണത്തിന്റെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. യൂത്ത് അസ്സോസിയേഷന്റെ ഭരണഘടന ശ്രേഷ്ഠ കാതോലിക്ക ബാവ പ്രകാശനം ചെയ്തു.
ഒരു മാസം നീണ്ടു നിൽക്കുന്ന യുവജന മാസാചരണത്തിന്റെ ഭാഗമായി സഭയിലെ ദൈവാലയങ്ങളും, പരിസരവും പൊതുസ്ഥലങ്ങളും ശുചീകരിക്കും. പ്രകൃതി ദുരന്ത നിവാരണം ലക്ഷ്യമാക്കി സന്നദ്ധ സേന രൂപീകരിക്കും. ഇടവക തലത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനം തുടങ്ങും. സൈബർ തട്ടിപ്പിന് എതിരെയും, ലഹരിക്കെതിരെയും ബോധവൽക്കരണം സംഘടിപ്പിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളും കലാ, കായിക മത്സരങ്ങളും നടത്തും.
സഭാ വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, ജെ.എസ്.ഒ.വൈ.എ വൈസ് പ്രസിഡന്റ് ജെയ്സ് ജോൺ, ജനറൽ സെക്രട്ടറി കെ.സി. പോൾ, റെജിമോൻ പി.വി., സിനോൾ വി. സാജു, ഡോയൽ എൽദോ റോയ്, എൽദോ പോൾ, അരുൺ രാജു എന്നിവർ സംബന്ധിച്ചു.
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച്, ശ്രേഷ്ഠ ബാവ പഠിച്ച വടയമ്പാടി ഗവ.എൽപി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി.

