പുത്തൻകുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ രണ്ടാം ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് ആയിരങ്ങൾ കബർ വണങ്ങി. പള്ളിക്കര, കോതമംഗലം, പിറവം, കരിങ്ങാച്ചിറ, പെരുമ്പാവൂർ എന്നീ മേഖലകളില്‍ നിന്നും കാൽനടയായി എത്തിയ വിശ്വാസികൾ കാവുംതാഴത്തു സംഗമിച്ച് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ കബറിടത്തിലേക്ക് എത്തി. വിശ്വാസികളെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും, സഭയിലെ മെത്രാപ്പോലീത്താമാരും സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ അല്മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് തീർത്ഥാടകർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തി ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനാപൂർവ്വം വണങ്ങി.
ശ്രേഷ്ഠ ബാവായുടെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ‘മിസ്പ’ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കോസ് ഡിജിറ്റൽ മ്യൂസിയത്തിന്റെ കൂദാശയും സമർപ്പണവും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും നടന്നു.
തുടർന്ന് നടന്ന സന്ധ്യാപ്രാർത്ഥനയ്ക്ക്
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ
എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. മാത്യൂസ് മോർ ഈവാനിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ്, മാത്യൂസ് മോർ അഫ്രേം ,
ഡോ. ഗീവർഗീസ് മോർ കൂറിലോസ്, ഏലിയാസ് മോർ അത്താനാസിയോസ് ,
പൗലോസ് മോർ ഐറേനിയോസ്,
യാക്കോബ് മോർ അന്തോണിയോസ് ,
സഖറിയാസ് മോർ പീലക്സിനോസ്,
ഐസക് മോർ ഒസ്താത്തിയോസ്,
ഏലിയാസ് മോർ യൂലിയോസ്,
തോമസ് മോർ അലക്സന്ത്രയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്,
മാത്യൂസ് മോർ തീമോത്തിയോസ്
ഗീവർഗീസ് മോർ സ്തേഫാനോസ്, ഗബ്രിയേൽ മോർ ഗ്രിഗോറിയോസ്
എന്നിവർ സഹകാർമികത്വം വഹിച്ചു. മന്ത്രി അനൂപ് ജേക്കബ്, അനേകം വൈദികരും ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു. തുടര്‍ന്ന് ശ്രേഷ്ഠ ബാവായുടെ കാർമികത്വത്തിൽ കബറിങ്കൽ ധൂപപ്രാർത്ഥനയും അനുസ്മരണ സന്ദേശവും നൽകി. തുടർന്ന് ശ്രേഷ്ഠ ബാവായുടെ നാമത്തില്‍ നേര്ച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.
ശ്രാദ്ധപ്പെരുന്നാൾ ദിനമായ ഇന്ന് (ഒക്ടോബർ 31 ശനി) രാവിലെ 07:30 ന് പ്രഭാത പ്രാർത്ഥന ആരംഭിക്കും. 08:30 ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. സഭയിലെ മെത്രാപ്പോലീത്തമാർ സന്നിഹിതരായിരിക്കും.
10 ന് ശ്രേഷ്ഠ ബാവ അനുസ്മരണ സന്ദേശം നൽകും. 10:30 ന് ശ്രാദ്ധസദ്യ നടക്കും. തുടർന്ന് കൊടിയിറക്കത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും









