ന്യൂജഴ്സി ● നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് വാർഷിക കുടുംബസമ്മേളനം അമേരിക്കയിലെ ന്യൂജഴ്സിയിലെ ഓൾഡ് ടാപ്പനിലുള്ള അതിഭദ്രാസന ആസ്ഥാനത്ത് ആത്മീയ നിറവിൽ സമാപിച്ചു. അതിഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വന്തം ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട വാർഷിക കുടുംബസമ്മേളനമെന്ന പ്രത്യേകത ഈ വർഷത്തെ സമ്മേളനത്തിനുണ്ടായിരുന്നു.
കൂടാതെ, ശ്രേഷ്ഠ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തതിന് ശേഷം ആദ്യമായി അമേരിക്ക സന്ദർശിച്ച ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സാന്നിധ്യം സമ്മേളനത്തിന് കൂടുതൽ ആത്മീയപ്രൗഢി പകർന്നു.
സമാപന ദിനത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത, വൈദികർ, വിവിധ ഇടവകകളിൽ നിന്നെത്തിയ വിശ്വാസികൾ എന്നിവർ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു.
നാല് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ വിശുദ്ധ കുർബ്ബാന, ആത്മീയ പ്രഭാഷണങ്ങൾ, ബൈബിൾ പഠനങ്ങൾ, കുടുംബ-യുവജന സംഗമങ്ങൾ, സൺഡേ സ്കൂൾ പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കൂട്ടായ പ്രാർത്ഥനകൾ എന്നിവ നടന്നു. എല്ലാ പ്രായക്കാരെയും ഉൾക്കൊള്ളുന്ന ആത്മീയവും കുടുംബകേന്ദ്രീകൃതവുമായ പരിപാടികൾ സമ്മേളനത്തെ ശ്രദ്ധേയമാക്കി.
“കർത്താവിനെ കണ്ടെത്താവുന്ന സമയത്ത് അവനെ അന്വേഷിപ്പീൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ” (യെശയ്യാവ് 55:6) എന്ന ഈ വർഷത്തെ പ്രമേയം സമ്മേളനത്തിലെ എല്ലാ ആത്മീയ ശുശ്രൂഷകൾക്കും മാർഗദർശനമായി. അമേരിക്കൻ അതിഭദ്രാസനത്തിലെ ഇടവകകളുടെ ഐക്യവും ആത്മീയ ഉണർവും കൂടുതൽ ശക്തിപ്പെടുത്തിയ ഈ 37-ാമത് വാർഷിക കുടുംബസമ്മേളനം, വിശ്വാസികളുടെ ജീവിതത്തിൽ ദീർഘകാലം ഓർമ്മിക്കപ്പെടുന്ന അനുഗ്രഹീത അനുഭവമായി സമാപിച്ചു.








