ലണ്ടൻ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് യു.കെയിലെ ലണ്ടൻ ഗാറ്റ്വിക് വിമാനത്താവളത്തിൽ സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി.
ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാൾ ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിക്കുന്നതിനായാണ് ശ്രേഷ്ഠ ബാവ ലണ്ടനിൽ എത്തിയത്. യു.കെ ഭദ്രാസന കൗൺസിൽ ഭാരവാഹികളും, ലണ്ടൻ സെന്റ് തോമസ് യാക്കോബായ പള്ളി വൈദികരും, ഇടവകാംഗങ്ങളും ചേർന്ന് ബാവായ്ക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി.
ശ്രേഷ്ഠ ബാവായ്ക്കൊപ്പമുണ്ടായിരുന്ന മുൻ യു.കെ. പാത്രിയർക്കൽ വികാരിയായ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയെയും മുംബൈ ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് വർഗീസിനെയും ചടങ്ങിൽ സ്വീകരിച്ചു.
സ്വീകരണച്ചടങ്ങിൽ യു.കെ. ഭദ്രാസന സെക്രട്ടറി ഫാ. അബിൻ മർക്കോസ്, മേഖലയിലെ മുതിർന്ന വൈദികൻ വന്ദ്യ രാജു ചെറുവുള്ളിൽ കോർ എപ്പിസ്കോപ്പ, ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, ഭദ്രാസന ട്രഷറർ ഷിബി ചേപ്പനത്ത്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം പോൾ ജോൺ, പള്ളി ഭാരവാഹികൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.
അയർലണ്ടിലെ പഠനകാലത്ത് ഇംഗ്ലണ്ടിലെത്തിയ ശ്രേഷ്ഠ ബാവയാണ് ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി സ്ഥാപിച്ചതും തുടർന്ന് അഞ്ചു വർഷക്കാലം അവിടെ വികാരിയായി ശുശ്രൂഷ നിർവഹിച്ചതും. അതുകൊണ്ടുതന്നെ, സ്ഥാപക വികാരിയായിരുന്ന ശ്രേഷ്ഠ ബാവായുടെ ദീർഘകാലത്തിനുശേഷമുള്ള തിരിച്ചുവരവ് ഇടവകയ്ക്കും വിശ്വാസിസമൂഹത്തിനും ഏറെ ആത്മീയ സന്തോഷവും ആവേശവും പകരുന്നതാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.



