മലേക്കുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറായിൽ ഭാഗ്യസ്മരണാർഹനായ വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കമായി.
ജൂലൈ 4, 5 (ശനി, ഞായർ) തീയതികളിലായി നടക്കുന്ന ശ്രാദ്ധാപ്പെരുന്നാളിൻ്റെ ആദ്യദിനമായ ഇന്ന് (ജൂലൈ 4, ശനി) രാവിലെ 7.30-ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചു. വൈകിട്ട് 5.30-ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും നടക്കും.
ശ്രാദ്ധപ്പെരുന്നാളിന്റെ പ്രധാന ദിനമായ നാളെ (ജൂലൈ 5, ഞായർ) രാവിലെ 7 മണിക്ക് പ്രഭാതപ്രാർത്ഥനയും 8 മണിക്ക് വിശുദ്ധ കുർബ്ബാനയും നടക്കും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ച എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ദയറാധിപൻ അഭിവന്ദ്യ മോർ ദിയെസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വികാരി വന്ദ്യ കുര്യാക്കോസ് കണിയത്ത് കോറെപ്പിസ്കോപ്പ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും അനുഷ്ഠാനപൂർണമായ ജീവിതത്തിലൂടെയും ത്യാഗനിർഭരമായ സന്യാസവ്രതത്തിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളിൽ വിശുദ്ധിയുടെ മാതൃകയായി നിലകൊണ്ട ആത്മീയ ഗുരുവായിരുന്നു ഭാഗ്യസ്മരണാർഹനായ വന്ദ്യ ഫിനെഹാസ് റമ്പാച്ചൻ. ജീവിച്ചിരിക്കുമ്പോൾത്തന്നെ വിശുദ്ധ ജീവിതത്തിന്റെ പ്രതീകമായി ആദരിക്കപ്പെട്ട അദ്ദേഹം, അനേകർക്ക് ആത്മീയ ആശ്വാസത്തിന്റെയും മദ്ധ്യസ്ഥ പ്രാർത്ഥനയുടെയും ഉറവിടമായിരുന്നു. സർവ്വസംഗപരിത്യാഗത്തിന്റെ മഹനീയ മാതൃകയായി ജീവിതം സമർപ്പിച്ച അദ്ദേഹത്തെ, “ശ്രേഷ്ഠനായ ദയറാക്കാരൻ (ദയറോയോ നാസീഹോ)” എന്ന വിശേഷണത്തോടെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം ആദരിച്ചിരുന്നു.
ജൂലൈ 1 മുതൽ എല്ലാദിവസവും കബറിങ്കൽ നെയ്യപ്പം നേർച്ച ഉണ്ടായിരിക്കുന്നതാണെന്നും എല്ലാദിവസവും രാവിലെ 7.30- ന് ദയറായിൽ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

