ബെൽജിയം ● യൂറോപ്പ് പാത്രിയാർക്കൽ വികാരിയേറ്റിന്റെ വൈദിക വാർഷിക ധ്യാനവും വൈദിക സമ്മേളനവും ബെൽജിയത്തിലെ ബ്രൂഗസിൽ നടന്നു. യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയാർക്കൽ വികാരിയുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിലാണ് സമ്മേളന പരിപാടികൾ നടന്നത്.
ആത്മീയ ഉണർവും വൈദികർക്കിടയിലെ സ്നേഹവും ഐക്യവും അജപാലന ദൗത്യബോധവും സഭാശുശ്രൂഷയോടുള്ള പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുന്ന വേദിയായാണ് സമ്മേളനം മാറിയത്.
ഓരോ വൈദികന്റെയും വ്യക്തിത്വത്തെയും പൗരോഹിത്യ നൽവരങ്ങളെയും ആദരിക്കുകയും ഉൾക്കൊള്ളുകയും എല്ലാവർക്കും മനസ്സ് തുറന്ന് ആശയങ്ങൾ പങ്കുവയ്ക്കാൻ അവസരം ഒരുക്കുകയും ചെയ്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പിതൃസ്നേഹപൂർണമായ നേതൃത്വം സമ്മേളനത്തിന്റെ പ്രധാന സവിശേഷതയായി.
യൂറോപ്പിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ വളർച്ചയും മിഷൻ പ്രവർത്തനങ്ങളുടെ വ്യാപനവും, യൂറോപ്പിലേക്ക് കുടിയേറിയതും കുടിയേറിക്കൊണ്ടിരിക്കുന്നതുമായ സഭാംഗങ്ങൾക്ക് എല്ലായിടത്തും ആരാധനാ സൗകര്യവും ഇടയത്വ ശുശ്രൂഷയും ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്തു. സഭയുടെ വിശ്വാസവും ആരാധനാ പാരമ്പര്യങ്ങളും കൈമോശം വരാതെ വരുംതലമുറകളിലേക്ക് പകർന്നു നൽകേണ്ടതിന്റെ പ്രാധാന്യവും യൂറോപ്പിലെ ഇടയത്വ ശുശ്രൂഷ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും സമ്മേളനത്തിൽ വിലയിരുത്തി.
മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ പ്രാർത്ഥന, ധ്യാനം, ക്ലാസുകൾ, ചർച്ചകൾ, വിശുദ്ധ സ്ഥലങ്ങളുടെ സന്ദർശനം എന്നിവ ഉൾപ്പെട്ടിരുന്നു. യൂറോപ്പിലെ ഒറ്റപ്പെട്ട സാഹചര്യങ്ങളിലും വിവിധ വെല്ലുവിളികൾക്കിടയിലും പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്ന വൈദികർക്ക് ഒരുമിച്ചുകൂടി പ്രാർത്ഥിക്കാനും അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കാനും ലഭിച്ച ഈ അവസരം പുതിയ ആത്മീയ ഉണർവും തങ്ങളുടെ പൗരോഹിത്യ നിയോഗത്തെക്കുറിച്ചുള്ള നവോന്മേഷവും പകർന്നതായി വിലയിരുത്തപ്പെട്ടു.
സമ്മേളനത്തിന്റെ സമാപനദിനത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ എല്ലാ വൈദികരും ചേർന്ന് ബെൽജിയത്തിലെ ഗെന്റിലുള്ള മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ ഇടവകയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. വിശുദ്ധ കുർബ്ബാനയോടനുബന്ധിച്ച് ബെൽജിയം ഇടവകയ്ക്ക് ‘സെൻ്റ് ഗ്രിഗോറിയോസ് മലങ്കര സുറിയാനി ഓർത്തഡോക്സ് ചർച്ച്’ എന്ന നാമകരണം അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിച്ചു. ഈ ചരിത്രനിമിഷം ഇടവകയ്ക്കും ബെൽജിയത്തിലെ വിശ്വാസിസമൂഹത്തിനും അനുഗ്രഹദായകമായ അനുഭവമായി.
സമ്മേളനത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തയോടൊപ്പം ഭദ്രാസന സെക്രട്ടറി റവ. ജോഷ്വാ റമ്പാൻ, റവ. ഡോ. തോമസ് ജേക്കബ് മണിമല, ഫാ. എൽദോസ് വട്ടപ്പറമ്പിൽ, ഫാ. ഏലിയാസ് വർഗീസ്, ഫാ. പോൾ പി. ജോർജ്, ഫാ. എൽദോസ് ജോർജ്, ഫാ. റെഞ്ചു എബ്രഹാം, ഫാ. അനീഷ് വേലാംകുഴിയിൽ, ഫാ. ജിജോ എ. ജോൺ, ഡീക്കൻ ജുവൽ രാജു എന്നിവർ പങ്കെടുത്തു. ബെൽജിയത്തിലെ വിശ്വാസിസമൂഹവും വിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ചു.








