പ്രാർത്ഥനയെ ശ്വാസമാക്കി, ത്യാഗത്തെ ജീവിതമാക്കി, സന്യാസത്തെ സാക്ഷ്യമാക്കി ജീവിച്ച മഹാതാപസൻ. പരിശുദ്ധ പരുമല കൊച്ചു തിരുമേനിക്കു ശേഷം മലങ്കര സുറിയാനി സഭ കണ്ട ഏറ്റവും തീക്ഷ്ണമായ സന്യാസ ജീവിതങ്ങളിൽ ഒന്നായി ഇന്നും വിശ്വാസികളുടെ ഹൃദയങ്ങളിൽ ജ്വലിക്കുന്ന അനുഗ്രഹീത സ്മരണ.
മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിൽ ഏറ്റവും ശ്രേഷ്ഠവും ഭക്തി നിർഭരവുമായ ജീവിതം നയിച്ച ഉഗ്ര സന്യാസി ശ്രേഷ്ഠനായിരുന്നു ഫിനെഹാസ് റമ്പാച്ചൻ. ഈ ലോകത്തിന്റെ സ്വാധീനങ്ങളിൽ നിന്ന് മാറി എകാന്തമായ പ്രാർത്ഥനാ ജീവിതത്തിലൂടെ ദൈവസന്നിധിയിൽ സമർപ്പണ ജീവിതം നയിച്ച വിശുദ്ധൻ. സുറിയാനി ഭാഷ ഉൾപ്പെടെ വിവിധ ഭാഷകളിൽ പാണ്ഡിത്യമുണ്ടായിരുന്ന റമ്പാച്ചൻ, അനേക മെത്രാപ്പോലീത്താമാരുടെയും, വൈദിക ശ്രേഷ്ഠരുടെയും ഗുരുനാഥനായിരുന്നു. ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ടായിട്ടും ലളിതവും വിശ്വാസ തീഷ്ണത നിറഞ്ഞതുമായ ജീവിതം. പണ്ഡിതൻ എങ്കിലും താഴ്മ നിറഞ്ഞ വ്യക്തിത്വം. ഇങ്ങനെ ഒരു ഉത്തമസന്യാസിക്കു വേണ്ട എല്ലാ നല്ല ഗുണങ്ങളും ഈ വിശുദ്ധനിൽ പ്രതിഫലിച്ചിരുന്നു.
സമർപ്പിതമായ ഉപവാസത്തിലൂടെ നിരന്തരമായ പ്രാർത്ഥനയിലൂടെ ദൈവത്തെ ആഹാരമാക്കി ശീലിച്ച വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ ജീവിതത്തിലൂടെ…
കൊച്ചി ഭദ്രാസനത്തിലെ ചെറായി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ, വാഴപ്പിള്ളിൽ പത്രോസ് കോർ എപ്പിസ്കോപ്പ അച്ചന്റെയും, മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയിൽ,മാന്താറ്റിൽ മറിയാമ്മയുടെയും പുത്രനായി വന്ദ്യ റമ്പാച്ചൻ 1934 ഏപ്രിൽ 14-ന് ജനിച്ചു. പരേതരായ വി.പി പൗലോസ്, വി.പി ജോർജ്, വി.പി ഏലിയാസ് എന്നിവർ സഹോദരങ്ങളും വത്സ പീറ്റർ, നാൻസി പീറ്റർ, വി.പി സാറാമ്മ എന്നിവർ സഹോദരിമാരുമാണ്. ജോസഫ് എന്നായിരുന്നു റമ്പാച്ചന്റെ യഥാർത്ഥ നാമം.
റമ്പാച്ചന് തപാൽ വകുപ്പിൽ ജോലി ലഭിച്ചു. അദ്ദേഹം മൂവാറ്റുപുഴയിൽ ജോലി ചെയ്യുന്ന കാലത്ത് തന്റെ അയൽ വാസിയും അന്നത്തെ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയും പിന്നീട് പൗരസ്ത്യ കാതോലിക്കയുമായിരുന്ന ബസേലിയോസ് പൗലോസ് രണ്ടാമൻ ബാവയുടെ അടുക്കൽ മൂവാറ്റുപുഴ കാതോലിക്കേറ്റ് അരമനയിൽ സുറിയാനി പഠിക്കുവാൻ പോയിരുന്നു. ശ്രേഷ്ഠ ബാവായുടെ ലളിതവും തീഷ്ണതയുള്ളതുമായ സന്യാസ ജീവിതത്തിൽ ആകൃഷ്ടനായ റമ്പാച്ചൻ ദയറാ ജീവിതം നയിക്കുവാൻ ആഗ്രഹിച്ചു.അദ്ദേഹം തന്റെ പിതാവ് പത്രോസ് കോർ എപ്പിസ്കോപ്പയോട് തന്റെ തീരുമാനം അറിയിച്ചപ്പോൾ അദ്ദേഹം റമ്പാച്ചനെ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചു എങ്കിലും, റമ്പാച്ചൻ തന്റെ തീരുമാനവുമായി മുന്നോട്ടു പോയി. അദ്ദേഹം ശ്രേഷ്ഠ ബാവായെ കണ്ട് തന്റെ ആഗ്രഹം പറഞ്ഞു ബാവ ആദ്യം സമ്മതിച്ചില്ല എങ്കിലും റമ്പാച്ചന്റെ സമർപ്പണം മനസിലാക്കിയ ബാവ റമ്പാച്ചനെ കൂടെ ചേർത്തു.
ആദ്യ കാലങ്ങളിൽ മൂവാറ്റുപുഴ അരമന, പിറമാടം ദയറ എന്നിവിടങ്ങളിൽ ആയിരുന്നു. പിന്നീട് 1976 ൽ റമ്പാച്ചൻ മലേക്കുരിശ് ദയറായിൽ വന്നു. അവിടെ തന്റെ തീഷ്ണത നിറഞ്ഞ തപോജീവിതവുമായി മുന്നോട്ടു പോയി. പൗരോഹിത്യ സ്ഥാനങ്ങൾ സ്വീകരിക്കുവാൻ ശ്രേഷ്ഠ ബാവ റമ്പാച്ചനോട് പറഞ്ഞു. എന്നാൽ താൻ പൗരോഹിത്യ സ്ഥാനങ്ങൾ സ്വീകരിക്കുവാൻ യോഗ്യനല്ല എന്ന് താഴ്മയോടെ റമ്പാച്ചൻ മറുപടി പറഞ്ഞു. മലേക്കുരിശ് ദയറായിൽ മൽപ്പാൻ പാഠശാല ആരംഭിച്ചപ്പോൾ വന്ദ്യ റമ്പാച്ചൻ വൈദിക വിദ്യാർത്ഥികളെ സുറിയാനി പഠിപ്പിച്ചു. മെത്രാപ്പോലീത്തമാർ വൈദിക ശ്രേഷ്ഠർ തുടങ്ങി, വലിയ ഒരു ശിക്ഷ്യ നിര റമ്പാച്ചനുണ്ടായിരുന്നു.
മലേക്കുരിശ് ദയറായിൽ താമസം ആരംഭിച്ച നാൾ മുതൽ തന്റെ ദയറാ ജീവിത നിഷ്ഠയുടെ തീഷ്ണത അദ്ദേഹം വർധിപ്പിച്ചു. അദ്ദേഹം അപൂർവമായിട്ട് ആണ് ദയറായിൽ നിന്ന് പുറത്ത് പോകുമായിരുന്നുള്ളൂ ദയറായുടെ പെരുന്നാൾ റാസക്കും , ഒരു തവണ കോതമംഗലം ചെറിയ പള്ളി സന്ദർശിക്കുവാനും ആണ് അദ്ദേഹം ദയറാ വിട്ട് പുറത്ത് പോയത്. കൂടാതെ ഒരു തവണ വിശുദ്ധ നാടും അദ്ദേഹം സന്ദർശിച്ചു.
യാമ പ്രാർഥനകളിൽ സംബന്ധിച്ച് കഴിഞ്ഞാൽ ആദ്യ കാലങ്ങളിൽ തിരുശേഷിപ്പ് കബറിങ്കൽ ദീർഘ നേരം മൗനമായി പ്രാർഥിക്കുകയോ വേദ പുസ്തകം വായിക്കുകയോ ചെയ്തിരുന്നു. ആദ്യ കാലത്ത് അദ്ദേഹം അവിടെ തറയിൽ ആയിരുന്നു കിടന്നിരുന്നത്. പിന്നീട് മുറിയിൽ ആയപ്പോഴും അദ്ദേഹം അങ്ങനെ തന്നെ ചെയ്തു പോന്നു. അദ്ദേഹം എകാന്ത വാസ കാലത്ത് പ്രാർത്ഥനയ്ക്ക് ശേഷം അതാത് ദിവസത്തെ വേദ പുസ്തക വാക്യം വായിച്ച ശേഷം അതിന്റ ആശയം എഴുതി വെയ്ക്കും. തന്റെ അടുക്കൽ വരുന്നവർക്ക് വേണ്ട ആത്മിയ ഉപദേശങ്ങൾ നൽകുമായിരുന്നു. അപൂർവമായിട്ടാണ് റമ്പാച്ചൻ ഭക്ഷണം കഴിച്ചിരുന്നത്. ആരോഗ്യ പ്രയാസങ്ങൾ അലട്ടുമ്പോഴും പ്രാർത്ഥന എന്ന ഔഷധത്തിലൂടെ അദ്ദേഹം ആ പ്രയാസങ്ങൾ മറികടന്നു.
2006-ൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവയുടെ കല്പന പ്രകാരം വന്ദ്യ റമ്പാച്ചൻ, അഭിവന്ദ്യ കുര്യാക്കോസ് മോർ ദിയെസ്കോറോസ് മെത്രാപ്പോലീത്തായിൽ നിന്ന് വൈദിക പട്ടവും റമ്പാൻ സ്ഥാനവും സ്വീകരിച്ചു. വന്ദ്യ റമ്പാച്ചൻ, പഴയ നിയമത്തിലെ പുരോഹിത ശ്രേഷ്ഠനായ ഫിനെഹാസിന്റെ നാമം സ്വീകരിച്ചു.
ഫിനെഹാസ് എന്ന വാക്കിന്റെ അർത്ഥം “വിശുദ്ധിയെ അങ്കിയായി ധരിച്ചവൻ” എന്നാണ്. 2010 സെപ്റ്റംബർ 22-ന് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ, “ദയറോയോ നാസീഹോ” (illustrious monk) എന്ന ബഹുമതി നൽകി ആദരിച്ചു. കാലം ചെയ്ത, ബസേലിയോസ് തോമസ് പ്രഥമൻ ബാവ, “ഉഗ്ര സന്യാസി” എന്നാണ് റമ്പാച്ചനെ വിശേഷിപ്പിച്ചത്. വന്ദ്യ റമ്പാച്ചൻ, സുറിയാനി പണ്ഡിതൻ മാത്രമല്ല, എഴുത്തുകാരൻ കൂടി ആയിരുന്നു. അദ്ദേഹം മോർ സ്തേഫാനോസ് സഹദാ, മോർ ഗീവർഗീസ് സഹദാ, മോർ യാക്കോബ് മഫസ്ക്കോ, മോർ കൗമ, മോർ ഗബ്രിയേൽ സന്യാസി തുടങ്ങി അനേക വിശുദ്ധരുടെ ജീവചരിത്രങ്ങളും, കൂടാതെ മറ്റ് അനേകം ഗ്രന്ഥങ്ങളും രചിച്ചു.
മലേക്കുരിശ് ദയറായിൽ തപോജീവിതം നയിച്ച, വിശുദ്ധ ഫിനെഹാസ് റമ്പാച്ചൻ, 2022 ജൂൺ 5 ന് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം മലേക്കുരിശ് ദയറായിൽ കബറടക്കപ്പെട്ടു. ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധൻ എന്ന് അറിയപ്പെട്ടിരുന്ന ഫിനെഹാസ് റമ്പാച്ചന്റെ പ്രാർത്ഥന, നമുക്ക് കോട്ടയായിരിക്കട്ടെ.

