ഡാളസ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സമുചിതമായ വരവേൽപ്പ് നൽകി. സ്ഥാനാരോഹണത്തിനു ശേഷം ശ്ലൈഹിക സന്ദർശനത്തിന്റെ ഭാഗമായി ആദ്യമായി ഡാളസിൽ എത്തിയതായിരുന്നു ശ്രേഷ്ഠ ബാവ.
ഡാളസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന ബാവയെ റവ. ഫാ. പോൾ തോട്ടക്കാട്ട് (ഭദ്രാസന സെക്രട്ടറി), റവ. ഫാ. ബേസിൽ അബ്രഹാം (വികാരി), റവ.ഫാ. മാർട്ടിൻ ബാബു (അസോസിയേറ്റ് വികാരി), റവ. ഫാ. വർഗീസ് മാലിൽ, ജോസഫ് ജോർജ് (ട്രസ്റ്റി), യൽദൊ മാത്യു (സെക്രട്ടറി), പള്ളി ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പ്രൗഢഗംഭീരമായ വരവേൽപ്പ് നൽകി. കമാണ്ടർമാരായ വർഗീസ് ചാമത്തിൽ, ബാബു വടക്കേടത്ത് എന്നിവരും സന്നിഹിതരായിരുന്നു.
കത്തീഡ്രൽ കവാടത്തിൽ, കത്തിച്ച മെഴുകുതിരി, മുത്തുക്കുട, കൊടി എന്നിവയുടെ അകമ്പടിയോടെ ശ്രേഷ്ഠ ബാവയെ സ്വീകരിച്ച് ആനയിച്ചു. പ്രഭാത പ്രാർത്ഥനയെ തുടർന്ന് ശ്രേഷ്ഠ ബാവയുടെ പ്രധാന കാർമ്മികത്വത്തിലും ഭദ്രാസനാധിപൻ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തായുടേയും വന്ദ്യ വൈദീകരുടേയും സഹകാർമ്മികത്വത്തിലും വി. കുർബാന നടന്നു.
വി. കുർബ്ബാനാനന്തരം നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഗായകസംഘം ആലപിച്ച ഭക്തിസാന്ദ്രമായ സ്വാഗത ഗാനത്തോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഫാ. ബേസിൽ അബ്രഹാം (വികാരി) സ്വാഗതമാശംസിച്ചു. ഫാ. മാർട്ടിൻ ബാബു (അസോസിയേറ്റ് വികാരി), വെരി. റവ. ഏലിയാസ് എരമത്ത് കോർ എപ്പിസ്കോപ്പാ (മുൻ വികാരി), പി.സി. വർഗീസ്, ജോർജ് കറുത്തേടത്ത് എന്നിവർ ആശംസകൾ നേർന്നു.
1977 ൽ കേവലം 5 കുടുംബങ്ങൾ ഒത്ത് ചേർന്ന് ആരംഭം കുറിച്ച ഈ ദേവാലയം ഇന്ന് അതിന്റെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി 200 ലധികം ഇടവകാംഗങ്ങളുള്ള അമേരിക്കൻ അതിഭദ്രാസനത്തിലെ ഏറ്റവും വലിയ കത്തീഡ്രൽ ദൈവാലയമായി ഉയർന്നതിൽ, ഈ ദൈവാലയത്തിൻ്റെ മുൻ വികാരി കൂടിയായ തനിക്ക്, അത്യധികം സന്തോഷവും അഭിമാനവുമുണ്ടെന്നും ഈ ഇടവകയുടെ പ്രവർത്തനം അമേരിക്കൻ അതിഭദ്രാസനത്തിനും യാക്കോബായ സുറിയാനി സഭയിലെ മറ്റു ദൈവാലയങ്ങൾക്കും ഒരു മാതൃകയാണെന്നുള്ളതിൽ, ഏറെ കൃതാർത്ഥനാണെന്നും ശ്രേഷ്ഠ ബാവ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വെരി റവ. വി.എം. തോമസ് കോർ എപ്പിസ്കോപ്പാ, ഫാ. വർഗീസ് മാലിൽ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. സെക്രട്ടറി യൽദൊ മാത്യു നന്ദി രേഖപ്പെടുത്തി. ഒരാഴ്ചയോളം നീണ്ടുനിന്ന സന്ദർശന വേളയിൽ കരോൾട്ടൻ സെന്റ് മേരീസ് ദൈവാലയവും ഒക്കലഹോമ സെന്റ് ജോർജ് ദൈവാലയവും ശ്രേഷ്ഠ ബാവ സന്ദർശിക്കുകയുണ്ടായി.





