പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റിയും സെക്രട്ടറിയുമായി ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ബാറീത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കലിന്റെ വിയോഗം പരിശുദ്ധ സഭയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
സഭയുടെ ഉന്നമനത്തിനായി ഒരു അൽമായൻ എന്ന നിലയിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ സഭയുടെ ചരിത്രത്തിൽ എന്നും സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെടുമെന്ന് ബാവ അനുസ്മരിച്ചു.
ദൈവം നൽകിയ സമ്പത്തും കഴിവുകളും സഭയ്ക്കുവേണ്ടി അകമഴിഞ്ഞ് സമർപ്പിച്ച സഭയുടെ അഭിമാനപുത്രനായിരുന്നു ജോർജ് മാത്യു. സഭയുടെ വളർച്ചയിലും പ്രതിസന്ധിഘട്ടങ്ങളിലും നിർണായകമായ നേതൃത്വം നൽകിയ അദ്ദേഹത്തെ സഭയ്ക്ക് ഒരിക്കലും മറക്കാനാവില്ലെന്നും ബാവ പറഞ്ഞു.
ദീർഘകാലം സഭയുടെ സെക്രട്ടറിയായും ട്രസ്റ്റിയായും ശക്തമായ നേതൃത്വം നൽകിയ കമാൻഡർ ടി.പി. മാത്യുവിന്റെ പുത്രനായ ജോർജ് മാത്യു, പിതാവിന്റെ പാത പിന്തുടർന്ന് സഭയുടെ ഭരണരംഗത്ത് സജീവമായി പ്രവർത്തിച്ചു. പിതാവിനെപ്പോലെ തന്നെ മാതൃസഭയോടുള്ള ഭക്തിയും വിശ്വസ്തതയും പുലർത്തിക്കൊണ്ട് അദ്ദേഹം നിർവഹിച്ച ദീർഘകാല സേവനങ്ങളെ സഭ നന്ദിയോടെ സ്മരിക്കുന്നുവെന്ന് ബാവ കൂട്ടിച്ചേർത്തു.
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായോടൊപ്പം വർഷങ്ങളോളം പരിശുദ്ധ സഭയ്ക്ക് ശക്തമായ നേതൃത്വം നൽകുന്നതിനും സഭയുടെ ഉന്നമനത്തിനുമായി അദ്ദേഹം അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവായോടും സഭാപിതാക്കന്മാരോടും അദ്ദേഹം പുലർത്തിയ ആത്മബന്ധം ഏറെ ശ്രേഷ്ഠവും അനുകരണീയവുമാണെന്ന് ബാവ അനുസ്മരിച്ചു.
പരിശുദ്ധ സഭയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം അദ്ദേഹത്തെ “ബാറീത്തോ കാശീറോ” എന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. തെക്കേത്തലയ്ക്കൽ കുടുംബം പരിശുദ്ധ സഭയ്ക്ക് നൽകിയ നിർണായക സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും, പരിശുദ്ധ സഭ എക്കാലവും ആ കുടുംബത്തോടും ജോർജ് മാത്യുവിനോടും കടപ്പെട്ടിരിക്കുന്നുവെന്നും ബാവ പറഞ്ഞു.
പരേതനായ ജോർജ് മാത്യു തെക്കേത്തലയ്ക്കലിന് പരിശുദ്ധ സഭയുടെ കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നതായും, കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതിനൊപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ശ്രേഷ്ഠ ബാവ അറിയിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
16/05/2026
