എറണാകുളം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ ട്രസ്റ്റിയും സെക്രട്ടറിയുമായി ദീർഘകാലം സേവനമനുഷ്ഠിച്ച ബാർ ഈത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കൽ (ജീമോൻ -70) കർത്താവിൽ നിദ്ര പ്രാപിച്ചു. വെല്ലൂർ സി.എം.സി ആശുപത്രിയിൽ വച്ചായിരുന്നു നിര്യാണം.
ഭൗതികശരീരം ഞായറാഴ്ച വൈകിട്ട് ഗിരിനഗറിലെ വസതിയിൽ എത്തിക്കുന്നതും സംസ്കാരം തിങ്കളാഴ്ച വൈകിട്ട് എളംകുളം സെൻ്റ് മേരീസ് സൂനോറോ കത്തീഡ്രൽ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.
സഭയുടെ വളർച്ചയിലും പ്രതിസന്ധികളിലും നിർണ്ണായക നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ദീർഘകാലം സഭയുടെ സെക്രട്ടറിയും, ട്രസ്റ്റിയുമായി സേവനമനുഷ്ഠിച്ച കമാണ്ടർ ടി.പി മാത്യുവിൻ്റെ പുത്രനാണ് ജോർജ് മാത്യു. പിതാവിൻ്റെ പാത പിന്തുടർന്ന് സഭയുടെ ഭരണരംഗത്ത് അദ്ദേഹം സജീവമായി. 1999-ൽ പുത്തൻകുരിശിൽ നടന്ന അഖില മലങ്കര പള്ളി പ്രതിപുരുഷയോഗം അദ്ദേഹത്തെ അൽമായ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. 2012-ൽ സഭയുടെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.
ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ വിശ്വസ്തനും വലംകൈയുമായി നിന്ന് സഭയുടെ ഉന്നതിക്കായി അദ്ദേഹം പ്രവർത്തിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. എളംകുളം സെൻ്റ് മേരീസ് കോൺഗ്രിഗേഷൻ്റെ പ്രസിഡൻ്റായി ദീർഘകാലം പ്രവർത്തിച്ചു. എളംകുളം സെൻ്റ് മേരീസ് സൂനോറോ കത്തീഡ്രൽ മനോഹരമായി പുനർനിർമ്മിക്കുന്നതിന് നേതൃത്വം നൽകി. സഭയ്ക്ക് നൽകിയ ശ്രേഷ്ഠകരമായ ശുശ്രൂഷകൾ പരിഗണിച്ച് ‘ബാർ ഈത്തോ കാശീറോ’ (സഭയുടെ സമർത്ഥനായ പുത്രൻ) ബഹുമതി നൽകി സഭ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഞ്ചേരിൽ ഏജൻസീസ്, റ്റീപ്പീയെം അസ്സോസ്സിയേറ്റ്സ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറാണ്. ഭാര്യ: സുജ (അയ്മനം കോട്ടപറമ്പിൽ കുടുംബാംഗം). മക്കൾ: ഏലിയാസ് മാത്യു, ജോൺ മാത്യു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ.
