പുത്തൻകുരിശ് ● കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും, ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയ്ക്കും, പുതിയ മന്ത്രിസഭാംഗങ്ങൾക്കും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പ്രാർത്ഥനാശംസകൾ നേർന്നു. തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിലുള്ള സഭാ പ്രതിനിധി സംഘം നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
സഭയുടെ മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ കൂറീലോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ എന്നിവർ സന്നിഹിതരായിരുന്നു.
നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി സർക്കാർ കൈക്കൊള്ളുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും സഭയുടെ പൂർണ സഹകരണവും പിന്തുണയും ഉണ്ടായിരിക്കുമെന്ന് ശ്രേഷ്ഠ ബാവ അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും ജനക്ഷേമത്തിനുമായി അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്നും ബാവ ആശംസിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
18/05/2026




