കോതമംഗലം ● മനുഷ്യരെ ക്രിസ്തുവിലേക്ക് അടുപ്പിക്കലാണ് ആധ്യാത്മിക നേതാക്കളുടെ ചുമതലയെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർ ക്കീസ് ബാവ പറഞ്ഞു. തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ സന്ധ്യാനമസ്കാരം നടത്തിയശേഷം സന്ദേശം നൽകുകയായിരുന്നു പാത്രിയർക്കീസ് ബാവ.
എല്ലാവരും ദൈവത്തോട് വിശ്വാസ്യത പുലർത്തണമെന്നും ബാവ പറഞ്ഞു. സഭ എക്കാലവും ഓർത്തിരിക്കേണ്ട പുണ്യശ്ലോകനാണ് മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവയെന്നും പാത്രിയർക്കീസ് ബാവ കൂട്ടിച്ചേർത്തു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ സഹകാർമികനായി. പരിശുദ്ധ പാത്രിയർക്കീസ് ബാവയോടൊപ്പം ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ പ്രതിനിധികളും സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും, ശെമ്മാശ്ശന്മാരും, സന്ന്യാസികളും നൂറുകണക്കി ന് വിശ്വാസികളും സന്ധ്യാനമസ്കാരത്തിൽ പങ്കെടുത്തു. വിശ്വാസികൾക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവ ശ്ലൈഹിക വാഴ്വ് നൽകി
ചേലാട് പ്രവർത്തിക്കുന്ന ഫാദർ ജീസ് ആശുപത്രിയിൽ തുടങ്ങുന്ന കാൻസർ സെൻ്ററിൻ്റെ അടിസ്ഥാനശില ചടങ്ങിൽ ആശീർവദിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മാർ ബേസിൽ സൺഡേ സ്കൂളിൻ്റെ സുവനീർ പ്രകാശനവും നിർവഹിച്ചു.
ചടങ്ങുകൾക്ക് കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്, വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ, സഹ വികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് തോമസ് മണ്ണഞ്ചേരി, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയിൽ എത്തിയ പരിശുദ്ധ പാത്രിയർക്കീസ് ബാവയെ ഇടവക വിശ്വാസികളും വൈദികരും ട്രസ്റ്റിമാരും ചേർന്ന് വരവേറ്റു. ധൂപപ്രാർഥന നടത്തിയ ബാവ പരിശുദ്ധ മാതാവിന്റെ വിശുദ്ധ സൂനോറോ വണങ്ങി വിശ്വാസികളെ ആശീർവദിച്ച് അനുഗ്രഹിച്ചാണ് മടങ്ങിയത്.




















