ഇന്ന് ജൂൺ 29. ശ്ലീഹന്മാരിൽ തലവന്മാരായ ഉന്നതപ്പെട്ട മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. വിശുദ്ധ ശ്ലീഹാ നോമ്പും മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളോടെ അവസാനിക്കുന്നു.
“സ്നേഹിതന് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല” എന്ന് അരുളിച്ചെയ്ത കർത്താവിനെ ജീവനേക്കാൾ സ്നേഹിക്കുകയും അവനുവേണ്ടി സ്വന്തം ജീവൻ സമർപ്പിക്കുകയും ചെയ്ത മഹത്തായ രണ്ടു ശ്ലീഹന്മാരാണ് വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും. ക്രിസ്തുവിന്റെ സഭയ്ക്ക് അടിസ്ഥാനമിട്ട രണ്ട് നെടുംതൂണുകളും സഭാചരിത്രത്തിലെ പ്രകാശഗോപുരങ്ങളുമാണ് ഇവർ. ലോകമെമ്പാടും സഭയെ നയിക്കുകയും പരിപാലിക്കുകയും ചെയ്ത അപ്പസ്തോലിക തീക്ഷ്ണതയുടെ ഉജ്ജ്വല മാതൃകകളാണ് ഈ മഹാന്മാർ.
“പത്രോസേ, നീ പാറയാകുന്നു; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും” എന്ന് അരുളിച്ചെയ്ത മിശിഹാ, തന്റെ സഭയുടെ പ്രഥമ വലിയ ഇടയനായി വിശുദ്ധ പത്രോസിനെ നിയോഗിച്ചു. സഭയെ തീക്ഷ്ണമായി പീഡിപ്പിച്ചിരുന്ന ശൗലിന്റെ മാനസാന്തരവും, പിന്നീട് വിജാതിയരുടെ അപ്പസ്തോലനായ പൗലോസായി മാറിയതും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു. അചഞ്ചലമായ നേതൃത്വവും അഗാധമായ വിശ്വാസപ്രഘോഷണവും ജീവിതസാക്ഷ്യവും വഴി ഒടുവിൽ രക്തസാക്ഷിത്വം വരിച്ച ഈ മഹാശ്ലീഹന്മാരുടെ മദ്ധ്യസ്ഥത നമുക്കും പ്രാർത്ഥനയോടെ യാചിക്കാം.
▪വിശുദ്ധ പത്രോസ് ശ്ലീഹാ:
ക്രിസ്തുവിന്റെ പന്ത്രണ്ടു ശ്ലീഹന്മാരിൽ പ്രായം കൂടിയ ശിഷ്യനായിരുന്നു വിശുദ്ധ പത്രോസ്. പിതാവിന്റെ പേര് യോനാ. സഹോദരനായ അന്ത്രയോസിനോടൊപ്പം മീൻപിടിച്ചുകൊണ്ടിരിക്കുമ്പോഴാണ് കർത്താവ് അദ്ദേഹത്തെ ശിഷ്യത്വത്തിലേക്ക് വിളിച്ചത്.
ക്രിസ്തുവിന്റെ പരസ്യശുശ്രൂഷയിൽ ആദ്യം മുതൽ അവസാനം വരെ അനുഗമിച്ച അദ്ദേഹം, യോഹന്നാനും യാക്കോബിനുമൊപ്പം യായിറോസിന്റെ മകളെ ഉയിർപ്പിച്ച സംഭവത്തിലും, മറുരൂപമലയിലും, ഗത്സെമനത്തോട്ടത്തിലും കർത്താവിനോടൊപ്പം ഉണ്ടായിരുന്നു. അന്ത്യഅത്താഴത്തിനുള്ള ഒരുക്കങ്ങൾ നടത്താൻ അയയ്ക്കപ്പെട്ട രണ്ടുപേരിൽ ഒരാളും വിശുദ്ധ പത്രോസായിരുന്നു (ലൂക്കാ 22:8).
ഗത്സെമനയിൽ മഹാപുരോഹിതന്റെ ദാസന്റെ കാത് വാളുകൊണ്ട് മുറിച്ച ശിഷ്യനും, ഗുരുവിനെ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞശേഷം ആത്മാർത്ഥമായി അനുതപിച്ച് വിശ്വാസസാക്ഷ്യം നൽകിയവനും വിശുദ്ധ പത്രോസാണ്. ക്രിസ്തുവിന്റെ പുനരുത്ഥാനവാർത്ത അറിഞ്ഞ് യോഹന്നാനോടൊപ്പം കല്ലറയിലേക്ക് ഓടിയെത്തിയതും അദ്ദേഹമായിരുന്നു.
പുതിയനിയമത്തിലെ രണ്ട് ലേഖനങ്ങളുടെ കർത്താവായ വിശുദ്ധ പത്രോസ്, അപ്പസ്തോലിക സമൂഹത്തിന്റെ അംഗീകരിക്കപ്പെട്ട നേതാവും ശക്തനായ പ്രഭാഷകനുമായിരുന്നു. പെന്തിക്കൊസ്തി ദിവസം നടത്തിയ പ്രസംഗത്തിലൂടെ മൂവായിരത്തോളം പേർ സഭയിൽ ചേർന്നു.
പാരമ്പര്യമനുസരിച്ച്, ക്രി.വ. 67-ൽ നീറോ ചക്രവർത്തിയുടെ പീഡനകാലത്ത് റോമിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. കർത്താവിനെപ്പോലെ മരിക്കാൻ താൻ അർഹനല്ലെന്ന് കരുതി, സ്വന്തം അഭ്യർത്ഥനപ്രകാരം തലകീഴായി കുരിശിക്കപ്പെട്ടുവെന്നാണ് സഭാപാരമ്പര്യം.
▪ വിശുദ്ധ പൗലോസ് ശ്ലീഹാ
ആദ്യകാല ക്രൈസ്തവസഭയുടെ ഏറ്റവും മഹത്തായ പ്രഘോഷകരിൽ ഒരാളാണ് വിശുദ്ധ പൗലോസ്. തർസൂസിൽ ജനിച്ച അദ്ദേഹം വിജാതിയരുടെ അപ്പസ്തോലൻ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ശൗൽ എന്നും പൗലോസ് എന്നും ഇരട്ടനാമം അദ്ദേഹത്തിനുണ്ടായിരുന്നു.
യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്നില്ല അദ്ദേഹം. പ്രഥമ ക്രൈസ്തവ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ വധസമയത്താണ് പുതിയനിയമത്തിൽ പൗലോസിനെ ആദ്യമായി പരാമർശിക്കുന്നത്. ദമാസ്കസിലേക്കുള്ള യാത്രാമധ്യേ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ദർശനം ലഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം പൂർണമായി മാറിയത്.
ക്രി.വ. 35 മുതൽ 55 വരെയുള്ള കാലഘട്ടത്തിൽ ഏഷ്യാമൈനറിലും യൂറോപ്പിലുമായി നിരവധി സഭകൾ സ്ഥാപിക്കുകയും സുവിശേഷം ശക്തമായി പ്രസംഗിക്കുകയും ചെയ്തു. പ്രമുഖ യഹൂദ റബ്ബിയായ ഗമാലിയേലിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. റോമൻ പൗരത്വം സുവിശേഷവ്യാപനത്തിന് വലിയ സഹായമായി.
“എനിക്ക് സുവിശേഷം ലഭിച്ചത് മനുഷ്യരിൽ നിന്നല്ല, യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലിലൂടെയാണ്” എന്ന് പൗലോസ് സാക്ഷ്യപ്പെടുത്തുന്നു. പുതിയനിയമത്തിലെ പതിമൂന്ന് ലേഖനങ്ങൾ പരമ്പരാഗതമായി അദ്ദേഹത്തിന്റേതായി അംഗീകരിക്കപ്പെടുന്നു.
സഭാപാരമ്പര്യമനുസരിച്ച്, നീറോ ചക്രവർത്തിയുടെ ഭരണകാലത്ത് റോമിൽവെച്ച് ശിരഛേദനത്തിലൂടെയാണ് വിശുദ്ധ പൗലോസ് രക്തസാക്ഷിത്വം വരിച്ചത്.
കർത്താവേ വിലയേറിയ മാണിക്യം പോലെ വിശുദ്ധ ശ്ലീഹൻമാരുടെ കയ്യിൽ നിന്റെ വിശുദ്ധ സഭയ്ക്കായിട്ട് നീ ഏൽപ്പിച്ചു കൊടുത്തിട്ടുള്ള സത്യവിശ്വാസത്തെ ഞങ്ങൾ മുറുകെപ്പിടിച്ച് അതിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുമാറാകണമേ. അവരോട് കൂടെയും അവരുടെ ഇടയിലും നിന്നുകൊണ്ട് നിന്നെ സ്തുതി പാടുവാൻ ഞങ്ങളെ യോഗ്യരാക്കി തീർക്കുകയും ചെയ്യണമേ.

