പുത്തൻകുരിശ് ● ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ നിന്ന് ഇന്ന് ഉണ്ടായ വിധി വിശുദ്ധ സഭയെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സഭാതർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തി സമാധാനാന്തരീക്ഷത്തിലേക്ക് എത്തുന്നതിനുള്ള തുടക്കമായി ഈ വിധിയെ വിശുദ്ധ സഭ കാണുന്നതായും ശ്രേഷ്ഠ ബാവ പറഞ്ഞു.
“ഇരുസഭയും രണ്ടു വിശ്വാസവും എന്ന യാഥാർഥ്യം ഉൾക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരള സർക്കാരും മുൻകൈയെടുത്ത് നടത്തുന്ന സമാധാന ചർച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം,” ബാവ കുട്ടിച്ചേർത്തു. സത്യത്തിനൊപ്പം നിന്ന ഈ വിധിയിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നതായും കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവരെയും, പ്രത്യേകിച്ച് പ്രതിസന്ധികളുടെ നടുവിലും സത്യവിശ്വാസത്തിനായി ത്യാഗങ്ങൾ സഹിച്ച വിശ്വാസി സമൂഹത്തെയും ഓർത്ത് പ്രാർത്ഥിക്കുന്നതായും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി ബഹുമാനപ്പെട്ട സർക്കാർ നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങൾക്കും വിശുദ്ധ സഭയുടെ പരിപൂർണ്ണ പിന്തുണ ശ്രേഷ്ഠ ബാവ അറിയിച്ചു. സർക്കാർ നടത്തുന്ന സമാധാനശ്രമങ്ങളിലൂടെ സഭയ്ക്കും സമൂഹത്തിനും ഒരുപോലെ ആശ്വാസകരമായ സമാധാനാന്തരീക്ഷം സംജാതമാകട്ടെയെന്നും അതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ ആഹ്വാനം ചെയ്തു.



