പുത്തൻകുരിശ് ● മുഖത്തല സെന്റ് സ്റ്റീഫൻസ്, ചെറുകുന്നം സെന്റ് തോമസ്, മംഗലം ഡാം സെന്റ് മേരീസ്, എരക്കുംചിറ സെന്റ് മേരീസ്, ഓടക്കാലി സെന്റ് മേരീസ്, ആട്ടിൻകുന്ന് സെന്റ് മേരീസ് എന്നീ ആറ് ദൈവാലയങ്ങളുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ മലങ്കര യാക്കോബായ സുറിയാനി സഭ സ്വാഗതം ചെയ്തു.
2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിയുടെ മറവിൽ, സിവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ദൈവാലയങ്ങൾ ബലമായി പിടിച്ചെടുക്കാൻ കഴിയില്ലെന്ന സുപ്രധാന നിയമവശമാണ് ഹൈക്കോടതി വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്ന് യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സഭ നാളിതുവരെ നടത്തിയ നീതിയുടെയും നിലനിൽപ്പിന്റെയും പോരാട്ടത്തിൽ ദൈവിക ഇടപെടലായാണ് ഈ വിധിയെ സഭ കാണുന്നതെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിയുടെ മറവിൽ യാക്കോബായ സുറിയാനി സഭയുടെ അറുപതോളം ദൈവാലയങ്ങൾ ഓർത്തഡോക്സ് വിഭാഗം കൈവശപ്പെടുത്തിയ നടപടി നീതീകരിക്കാനാവാത്തതാണെന്ന സഭയുടെ നിലപാടിന് കൂടുതൽ ശക്തി പകരുന്നതാണ് പുതിയ വിധിയെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
2025 ആഗസ്റ്റ് 30-ലെ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി പരിഗണിച്ച പ്രധാന വിഷയങ്ങളിൽ, 2017-ലെ വിധിയിൽ പരാമർശിച്ച കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ ദൈവാലയങ്ങളിൽ ആ വിധി യഥാവിധി നടപ്പാക്കിയിട്ടുണ്ടോ, അതിന്റെ അടിസ്ഥാനത്തിൽ സിവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മറ്റ് ദൈവാലയങ്ങൾ പിടിച്ചെടുക്കാൻ കഴിയുമോ എന്നീ കാര്യങ്ങൾ പ്രധാനപ്പെട്ടവയായിരുന്നു. പ്രത്യേകിച്ച്, സിവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ പോലീസിന്റെ സഹായത്തോടെ ദൈവാലയങ്ങൾ ബലമായി പിടിച്ചെടുക്കാൻ കഴിയുമോ എന്ന വിഷയത്തിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ഇപ്പോഴത്തെ വിധിക്ക് നിർണ്ണായക പ്രാധാന്യം നൽകുന്നതാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ആറ് ദൈവാലയങ്ങൾ ബലമായി പിടിച്ചെടുക്കുന്നതിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട നടപടിക്ക് അനുകൂലമായിരുന്ന മുൻവിധി സുപ്രീം കോടതി റദ്ദാക്കുകയും, ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ വിധി ഉണ്ടായിരിക്കുന്നത്. 2017-ന് ശേഷമുണ്ടായ സാഹചര്യങ്ങളും സംഭവവികാസങ്ങളും പ്രത്യേകം പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്നതും ശ്രദ്ധേയമാണെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ഓർത്തഡോക്സ് വിഭാഗം ഈ ദൈവാലയങ്ങൾ പിടിച്ചെടുക്കുന്നതിനായി നടത്തിയ ശ്രമങ്ങൾക്ക് ഹൈക്കോടതി വിധി തിരിച്ചടിയായിരിക്കുകയാണ്. 2017-ലെ സുപ്രീം കോടതി വിധിയുടെ 127-ാം ഖണ്ഡികയിൽ, മതപരമായ കാര്യങ്ങളിൽ സർക്കാരിന്റെ ഇടപെടലിന് പരിമിതികളുണ്ടെങ്കിലും അത് ക്രമസമാധാന പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ സർക്കാരിന് ഇടപെടാനും ആവശ്യമായ നിയമനിർമ്മാണം നടത്താനും അധികാരമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സുപ്രധാന നിയമവശവും ഇപ്പോഴത്തെ ഹൈക്കോടതി വിധിയിൽ പരിഗണിച്ചിട്ടുണ്ടെന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
മലങ്കര സഭാ തർക്കത്തിന് ശാശ്വതവും നീതിപൂർവ്വവുമായ പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്കും നിയമനിർമ്മാണ നടപടികൾക്കും നിയമപരമായ പിന്തുണ നൽകുന്നതാണ് ഈ വിധി. മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച നിയമനിർമ്മാണ നടപടികളുടെ പശ്ചാത്തലത്തിലും നിലവിലെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്ക് ഈ വിധി കൂടുതൽ പ്രസക്തി നൽകുന്നതാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നീതിപൂർവ്വമായ നിലപാട് സ്വീകരിക്കുകയും കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലങ്കര സഭാ തർക്കത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നതിനും ആവശ്യമായ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിനുള്ള അധികാരം ഹൈക്കോടതി വിധി ഒരിക്കൽ കൂടി അടിവരയിടുന്നതായും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
ഈ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മലങ്കര സഭാ തർക്കം ഏറ്റവും നീതിപൂർവ്വമായ രീതിയിൽ പരിഹരിക്കുന്നതിനുള്ള അവസരം ഓർത്തഡോക്സ് വിഭാഗം നഷ്ടപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ഇനിയൊരു ദൈവാലയവും ബലമായി പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകരുതെന്നും, ഇതിനകം യാക്കോബായ സുറിയാനി സഭയിൽ നിന്ന് പിടിച്ചെടുത്ത ദൈവാലയങ്ങൾ തിരികെ നൽകുന്നതിനുള്ള മാന്യതയും സഹോദരസ്നേഹവും അവർ പ്രകടിപ്പിക്കണമെന്നും മെത്രാപ്പോലീത്ത അഭ്യർഥിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
13/08/2026


