ഉദയംപേരൂർ ● കണ്ടനാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളിനും ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ 30-ാമത് ശ്രാദ്ധപ്പെരുന്നാളിനും തുടക്കമായി.
പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ആഗസ്റ്റ് 12 ബുധൻ വൈകിട്ട് സെൻ്റ് ശക്രള്ളാ സെന്റർ, സെൻ്റ് മേരീസ് ചാപ്പൽ, കുരീക്കാട് സ്ലീബാഘോഷ കമ്മറ്റി കുരിശിങ്കൽ എന്നിവിടങ്ങളിൽ കൊടിയേറ്റ് നടത്തി. തുടർന്ന് സന്ധ്യാനമസ്കാരവും ഗാനശുശ്രൂഷയും നടന്നു. പെരുന്നാൾ ഒരുക്ക സുവിശേഷയോഗത്തിൽ ഫാ. എഡ്വിൻ സിറിയക്ക് കൂത്താട്ടുകുളം പ്രസംഗിച്ചു.
ഇന്ന് ആഗസ്റ്റ് 13 വ്യാഴം സെൻ്റ് മേരീസ് ചാപ്പലിൽ വിശുദ്ധ കുർബ്ബാന നടന്നു. വൈകിട്ട്
6.30-ന് സന്ധ്യാപ്രാർത്ഥന, 7-ന് ഗാനശുശ്രൂഷ, 7.15-ന് ഫാ. ജിജോ പാക്കുന്നേൽ കുറ്റയുടെ നേതൃത്വത്തിൽ പെരുന്നാൾ ഒരുക്ക സുവിശേഷയോഗം എന്നിവ നടന്നു.
ആഗസ്റ്റ് 14-വെള്ളി രാവിലെ 6.30-ന് പ്രഭാത നമസ്കാരവും 7-ന് വിശുദ്ധ കുർബ്ബാനയും നടക്കും. വൈകിട്ട് 6.15-ന് സന്ധ്യാനമസ്കാരത്തിന് ശേഷം ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ബഹുമാനാർത്ഥം
ഈന്തപ്പഴ നേർച്ച നടക്കും. 7.30-ന് ദേശംചുറ്റിയുള്ള പ്രദക്ഷിണം, 10-ന് ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ ആഗസ്റ്റ് 15 ശനി രാവിലെ 7-ന് പ്രഭാത പ്രാർത്ഥനയും 8-ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും നടക്കും.
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള കത്തീഡ്രൽ അസ്സോസിയേഷന്റെ മരിയൻ അവാർഡുകളും പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥിക്കുള്ള ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ അവാർഡും സൺഡേസ്കൂൾ ഒന്നാം സ്ഥാനക്കാർക്കുള്ള അവാർഡുകളും വിതരണം ചെയ്യും.
തുടർന്ന് പാച്ചോർ നേർച്ച, സെൻ്റ് മേരീസ് ചാപ്പൽ വരെയുള്ള പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ നടക്കും. വൈകിട്ട് കൊടിയിറക്കുന്നതോടെ പെരുന്നാൾ സമാപിക്കും.
വികാരി ഫാ. വർഗ്ഗീസ് കളപ്പുരയ്ക്കൽ, സഹവികാരിമാരായ ഫാ. അക്ഷയ് സതീഷ് കോൽക്കുന്നേൽ, ഫാ. അരുൺ ബേസിൽ കുന്നത്ത് എന്നിവരും പള്ളി ഭരണസമിതി-ഭക്തസംഘടന ഭാരവാഹികളും അംഗങ്ങളും പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.
