പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നാളെ (ജൂൺ 30, ചൊവ്വാഴ്ച) നടക്കുന്ന വന്ദ്യ ഗബ്രിയേൽ കളപ്പുരയിൽ റമ്പാന്റെ മെത്രാഭിഷേക ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയിലെ സഹായ മെത്രാപ്പോലീത്തയായാണ് ഈസ്റ്റ് വാഴപ്പിള്ളി മോർ ഫീലക്സീനോസ് ദയറായിലെ വന്ദ്യ ഗബ്രിയേൽ കളപ്പുരയിൽ റമ്പാനെ (45) ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മെത്രാഭിഷേകം ചെയ്യുന്നത്.
ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ തൃക്കരങ്ങളാൽ നിർവഹിക്കപ്പെടുന്ന പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷ എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും മെത്രാഭിഷേക ശുശ്രൂഷയിൽ സഹകാർമികരാകും.
നാളെ രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയെയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരെയും നിയുക്ത മെത്രാപ്പോലീത്തയെയും കത്തീഡ്രൽ പാഴ്സനേജിൽ നിന്ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ആനയിക്കും. തുടർന്ന് രാവിലെ 8.30-ന് വിശുദ്ധ കുർബാനയും രാവിലെ 9.45-ന് മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷകളും ആരംഭിക്കും.
മെത്രാഭിഷേക ശുശ്രൂഷയ്ക്കുശേഷം നടക്കുന്ന അനുമോദന സമ്മേളനത്തിൽ ശ്രേഷ്ഠ ബാവ അധ്യക്ഷത വഹിക്കും. അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത സ്വാഗതം ആശംസിക്കും. സുറിയാനി ഓർത്തഡോക്സ് സഭയിലെ സ്വിറ്റ്സർലൻഡ്-ഓസ്ട്രിയ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ദിവന്നാസിയോസ് ഇസ ഗുർബൂസ് മെത്രാപ്പോലീത്ത, സീറോ മലബാർ സഭ കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതാ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത, വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാൻ ഡോ. മാർ ആന്റണി വാലുങ്കൽ, ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസ്, സഭയിലെ മുതിർന്ന മെത്രാപ്പോലീത്തമാർ, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ തീരുമാനപ്രകാരവും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ അംഗീകാരത്തോടെയുമാണ് മെത്രാഭിഷേക ശുശ്രൂഷകൾ നടത്തപ്പെടുന്നത്.
അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയുൾപ്പെടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികരും ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. ഇതിനായി പാത്രിയർക്കാ സെന്റർ മൈതാനത്ത് വിശാലമായ പന്തൽ സജ്ജമാക്കിയിട്ടുണ്ട്.
വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ
▪പാത്രിയർക്കാ സെന്റർ കോമ്പൗണ്ട്:
അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, വിശിഷ്ട വ്യക്തികൾ, വൈദികർ, ദൃശ്യ-മാധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.
വിശ്വാസികളുടെ വാഹനങ്ങൾക്കുള്ള പാർക്കിംഗ് കേന്ദ്രങ്ങൾ:
▪പുത്തൻകുരിശ് മോർ ഏലിയാ ചാപ്പൽ
▪എം.ജെ.എസ്.എസ്.എ. ഹെഡ്ക്വാർട്ടേഴ്സ്
▪എം.എ.എം. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്
▪പുത്തൻകുരിശ് കാവുംതാഴം മൈതാനം
ഈ പാർക്കിംഗ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ ക്രമീകരിച്ച് ചടങ്ങിന്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
