2026 ജൂൺ 27 – മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന് ഇന്ന് 150 വർഷം തികയുന്നു. 1876 ജൂൺ 27 മുതൽ 30 വരെ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ നടന്ന ഈ മഹാസമ്മേളനം, മലങ്കര സഭയുടെ ആത്മീയ, വിശ്വാസ, ഭരണ ചരിത്രത്തിന് പുതിയ ദിശാബോധം നൽകിയ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
മലങ്കരയിൽ ഉടലെടുത്ത വിശ്വാസവ്യതിയാനങ്ങൾ പരിഹരിച്ച് സഭയെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതിനായി മലങ്കരയിലെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയാണ് മുളന്തുരുത്തി സുന്നഹദോസ് വിളിച്ചുകൂട്ടാൻ കൽപ്പന പുറപ്പെടുവിച്ചത്. അതനുസരിച്ച് മലങ്കരയിലെ വിവിധ ദൈവാലയങ്ങളിൽനിന്ന് വൈദിക-അൽമായ പ്രതിനിധികൾ സുന്നഹദോസിൽ പങ്കെടുത്തു.
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിലും പുലിക്കോട്ടിൽ ജോസഫ് മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയുടെയും അബ്ദുള്ള മോർ ഗ്രിഗോറിയോസ് (പിന്നീട് പരിശുദ്ധ അബ്ദുള്ള പാത്രിയർക്കീസ് ബാവ) മെത്രാപ്പോലീത്തയുടെയും സാന്നിധ്യത്തിലുമായിരുന്നു സുന്നഹദോസ് ചേർന്നത്. ഈ മഹാസമ്മേളനത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു തദ്ദേശവാസിയായിരുന്ന ചാത്തുരുത്തിൽ ഗീവർഗീസ് റമ്പാൻ (പിന്നീട് പരിശുദ്ധ പരുമല തിരുമേനി).
നാല് ദിവസം നീണ്ടുനിന്ന സുന്നഹദോസിൽ പരിശുദ്ധ അന്ത്യോഖ്യ സിംഹാസനവുമായുള്ള മലങ്കരയുടെ ആത്മീയബന്ധം ദൃഢമായി സ്ഥിരീകരിച്ചു. സഭയുടെ ആത്മീയ, ഭൗതിക, ഭരണപരമായ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുകയും സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ രൂപീകരിക്കുന്നതിനും ജനാധിപത്യാടിസ്ഥാനത്തിലുള്ള ഭരണസംവിധാനം നടപ്പാക്കുന്നതിനും സുന്നഹദോസ് തീരുമാനിച്ചു. ഭരണനിർവഹണത്തിനായി എട്ട് വൈദികരും പതിനാറ് അൽമായരും ഉൾപ്പെട്ട കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.
കൂടാതെ, പട്ടക്കാരെ പരിശോധിക്കുന്നതിനായി തെക്കുനിന്ന് 12 പേരെയും വടക്കുനിന്ന് 12 പേരെയും നിയമിച്ചു. അതോടൊപ്പം, തെക്കുനിന്നും വടക്കുനിന്നും 40 വീതം അൽമായ പ്രമുഖരെയും തിരഞ്ഞെടുത്തു.
സുന്നഹദോസിൽ പങ്കെടുത്ത പ്രതിനിധികൾ പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്ക് സമർപ്പിച്ച സമ്മതപത്രമാണ് ‘മുളന്തുരുത്തി പടിയോല’ എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്നത്. സുന്നഹദോസിൽ അംഗീകരിച്ച തീരുമാനങ്ങൾ സഭയുടെ വിശ്വാസവും ഭരണസംവിധാനവും ശക്തിപ്പെടുത്തിയ സുപ്രധാന പ്രമാണങ്ങളായും കണക്കാക്കപ്പെടുന്നു. ഇടവകകളെ സത്യവിശ്വാസത്തിൽ ഉറച്ചുനിർത്തുന്നതിനും പൊതുകാര്യങ്ങൾ ക്രമീകരിക്കുന്നതിനും സഭയ്ക്ക് പൊതുമുതൽ രൂപീകരിക്കുന്നതിനുമുള്ള ദീർഘവീക്ഷണമുള്ള നിർദേശങ്ങൾ അവയിൽ ഉൾപ്പെടുത്തിയിരുന്നു. ജൂൺ 30-ന് സുന്നഹദോസ് സമംഗളം പര്യവസാനിച്ചു.
സുന്നഹദോസിനെ തുടർന്ന് നടന്ന വിശുദ്ധ മൂറോൻ കൂദാശ, മെത്രാഭിഷേകങ്ങൾ, ഭദ്രാസന വിഭജനം എന്നിവ സഭാചരിത്രത്തിലെ നിർണായക നാഴികക്കല്ലുകളായി മാറി. സുന്നഹദോസിനുശേഷം ഏകദേശം ഒരു വർഷത്തോളം പരിശുദ്ധ പാത്രിയർക്കീസ് ബാവ മലങ്കരയിൽ തുടരുകയും സഭയുടെ ആത്മീയവും ഭരണപരവുമായ നവീകരണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
മുളന്തുരുത്തി സുന്നഹദോസിന്റെ മഹത്ത്വം വ്യക്തമാക്കിക്കൊണ്ട്, ഏകദേശം കാൽനൂറ്റാണ്ടിനുശേഷം തന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവേളയിൽ പുലിക്കോട്ടിൽ തിരുമേനി പറഞ്ഞത്, “ഇന്നത്തെ നമ്മുടെ ഐശ്വര്യത്തിന്റെ അടിത്തറ പത്രോസ് പാത്രിയർക്കീസ് ബാവ സ്ഥാപിച്ചതാണ്” എന്നായിരുന്നു.
സുന്നഹദോസിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച പുലിക്കോട്ടിൽ തിരുമേനിയും പ്രധാന സംഘാടകനായ വിശുദ്ധ പരുമല തിരുമേനിയും പിന്നീട് രൂപംകൊണ്ട കൊച്ചി ഭദ്രാസനവുമായി ബന്ധപ്പെട്ടവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ, ഈ ചരിത്രസംഭവങ്ങൾ ഡയറിക്കുറിപ്പുകളിലൂടെ കൃത്യമായി രേഖപ്പെടുത്തി പിൻതലമുറകൾക്ക് ദൃക്സാക്ഷിവിവരണം സമ്മാനിച്ച കരവട്ടുവീട്ടിൽ മോർ ദീവന്നാസിയോസ് തിരുമേനി, കൊച്ചി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്നു എന്നതും അഭിമാനകരമായ ചരിത്രസത്യമാണ്.
മലങ്കര സഭയുടെ ‘മാഗ്നാകാർട്ട’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവർണ ജൂബിലി വിവിധ പരിപാടികളോടെ സഭ ഈ വർഷം വിപുലമായി ആചരിക്കുകയാണ്. ഈ മഹാസ്മരണയുടെ എല്ലാ ആഘോഷപരിപാടികളും അനുഗ്രഹപൂർണമായി വിജയിക്കുവാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാനും പ്രയത്നിക്കാനും പ്രാർത്ഥിക്കാനും സാധിക്കട്ടെ.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ കൂറിലും സത്യവിശ്വാസത്തിലും പരിശുദ്ധ സഭയെ നയിക്കാൻ ഈ സ്മരണ നമ്മെ ഏവരെയും കൂടുതൽ ശക്തിപ്പെടുത്തട്ടെ.
