ടൊറന്റോ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിന് കീഴിലുള്ള മിസ്സിസാഗയിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ 12-ാമത് പാത്രിയർക്കാ സ്ഥാനാരോഹണ വാർഷികം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, തുടർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു കൊണ്ട് പ്രത്യേക സമ്മേളനവും നടന്നു.
ലബനോനിലെ അതീവ പ്രതിസന്ധി നിറഞ്ഞ ആഭ്യന്തര സാഹചര്യങ്ങൾക്കിടയിലും പരിശുദ്ധ സഭയെ വളരെ അനുഗ്രഹീതമായി നയിക്കുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ഭരണപാടവത്തെ ശ്രേഷ്ഠ ബാവ സമ്മേളനത്തിൽ പ്രത്യേകം അനുസ്മരിച്ചു. പരിശുദ്ധ പിതാവിൻ്റെ മഹാസ്ഥാനാരോഹണ വാർഷികത്തിന് എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നതായി ബാവ തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
ശ്രേഷ്ഠ ബാവ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പള്ളി സെക്രട്ടറി ശ്രീമതി ജിജി ജോയി സ്വാഗതം ആശംസിച്ചു. കാനഡ റീജിയൺ അഡ്മിനിസ്ട്രേറ്ററും പള്ളി വികാരിയുമായ ഫാ. എബി മാത്യു ആശംസപ്രസംഗം നടത്തി. കാനഡ റീജിയൺ ട്രഷറർ ശ്രീ. ജെനു മഠത്തിൽ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ സാമൂഹിക-സാംസ്കാരിക-മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിൽ ശ്രേഷ്ഠ ബാവയ്ക്ക് 450 വർഷം പഴക്കമുള്ള, തോലിൽ എഴുതപ്പെട്ട വിശുദ്ധ ബൈബിളിലെ പഴയനിയമ ലേഖനങ്ങൾ ഉൾപ്പെട്ട ‘തോറ’ സമ്മാനമായി നൽകി. തുടർന്ന് നടന്ന ചടങ്ങിൽ ഇടവകയിലെ മുതിർന്ന അംഗമായ ശ്രീ. മത്തായിയെ ശ്രേഷ്ഠ ബാവ ആദരിക്കുകയും മാധ്യമപ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ നൽകി അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
സമ്മേളനത്തിന് പള്ളി ട്രഷറർ ശ്രീ. ബിൽബി ബേബി നന്ദി രേഖപ്പെടുത്തി. തുടർന്ന് വിശ്വാസികൾക്കായി പ്രത്യേക സ്നേഹവിരുന്നും ഒരുക്കി.
പള്ളിയുടെ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ശ്രേഷ്ഠ ബാവ പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് വീണ്ടും ആശംസകൾ നേർന്നു. തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, കേരളത്തിൽ പുതുതായി അധികാരമേറ്റ ശ്രീ. വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് സഭയുടെ എല്ലാവിധ ആശംസകളും ബാവ അറിയിച്ചു. ഈ കാലഘട്ടത്തിൽ സഭ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലഭ്യമാകുന്നതിന് പുതിയ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന പ്രത്യാശയും ശ്രേഷ്ഠ ബാവ പ്രകടിപ്പിച്ചു.
പള്ളി ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ഭംഗിയായി സംഘടിപ്പിച്ച ചടങ്ങിൽ കാനഡയിലെയും അമേരിക്കയിലെയും വിവിധ ദേവാലയങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.
















