പുത്തൻകുരിശ് ● മലയാള സിനിമയിലെ അതുല്യ അഭിനയപ്രതിഭയും ദേശീയ-സംസ്ഥാന പുരസ്കാര ജേതാവുമായ സലിം കുമാറിന്റെ വേർപാട് മലയാള ചലച്ചിത്രലോകത്തിനും സാംസ്കാരിക കേരളത്തിനും ഒരുപോലെ നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ഹാസ്യത്തിലൂടെയും തനിമയാർന്ന സ്വഭാവനടനത്തിലൂടെയും മലയാള സിനിമയിൽ ഒരു പുതിയ യുഗം സൃഷ്ടിച്ച സലിം കുമാർ, മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ചിരിയും ചിന്തയുമായി മാറിയ ജനപ്രിയ കലാകാരനായിരുന്നുവെന്ന് ബാവ അനുസ്മരിച്ചു.
തന്റേതായ ശബ്ദവിന്യാസവും സവിശേഷമായ ശരീരഭാഷയും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനും ലളിതമായ കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ ആഴങ്ങളും നിസ്സഹായതകളും തുറന്നുകാട്ടാനും അദ്ദേഹത്തിന് അപൂർവമായ കഴിവുണ്ടായിരുന്നു.
ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ തന്മയത്വത്തോടെ വെള്ളിത്തിരയിൽ ആവിഷ്കരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ അഭിനയശൈലി വരുംതലമുറകൾക്ക് എക്കാലവും ഒരു പാഠപുസ്തകമായിരിക്കും. അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളായി പ്രേക്ഷകർക്ക് അനുഭവപ്പെടുത്തുന്ന സ്വാഭാവികതയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും ജനപ്രിയ സംസ്കാരത്തിലേക്കും അലിഞ്ഞുചേർന്ന അനേകം കഥാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചതെന്ന് ബാവ പറഞ്ഞു.
വെള്ളിത്തിരയ്ക്ക് പുറത്തും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല പൗരനായി ജീവിക്കാനും സമൂഹത്തോടുള്ള ഉത്തരവാദിത്വം കാത്തുസൂക്ഷിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്ന് ബാവ കൂട്ടിച്ചേർത്തു.
പ്രിയ കലാകാരന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ച ബാവ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കുന്നതായും കുടുംബാംഗങ്ങളുടെയും ചലച്ചിത്രലോകത്തിന്റെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
07/06/2026
