കോട്ടയം ● വയോജന സംരക്ഷണ രംഗത്ത് കരുതലിന്റെയും കാരുണ്യത്തിന്റെയും പുതിയ അധ്യായത്തിന് തുടക്കമിട്ട് തിരുവഞ്ചൂർ മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (എ.ഇ.എം.) ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ച ‘കനാൻ വയോജന സംരക്ഷണ വില്ലേജ്’ കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ നാടിന് സമർപ്പിച്ചു. ഏറ്റുമാനൂർ ബൈപാസ് റോഡിൽ തിരുവഞ്ചൂരിന് സമീപം നിർമ്മിച്ച വില്ലേജിന്റെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. വിവിധ മെത്രാപ്പോലീത്തമാരും വൈദികരും സഹകാർമികരായി.
തുടർന്ന് തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആത്മീയ പ്രവർത്തനവും കാരുണ്യ പ്രവർത്തനവും പരസ്പരം വേർതിരിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. “കാരുണ്യത്തോടെയുള്ള ഭരണം” എന്ന സർക്കാരിന്റെ മുദ്രാവാക്യം ക്രിസ്തുവിന്റെ സന്ദേശത്തിൽനിന്ന് ഉൾക്കൊണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരെയും വയോജനങ്ങളെയും ചേർത്തുപിടിക്കുന്ന സ്ഥാപനങ്ങൾ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും തുടർന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുന്നതിൽ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹത്തോടെ പരിചരിക്കാനും കുട്ടികളെ സ്കൂൾതലം മുതൽ തന്നെ പഠിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരെ അന്വേഷിക്കാനും അവരോട് സംസാരിക്കാനും പുതിയ തലമുറ മുന്നോട്ടുവരണം. കാരുണ്യവും ദയയും സഹാനുഭൂതിയും മറ്റുള്ളവരെ ചേർത്തുനിർത്താനുള്ള മനോഭാവവുമാണ് ക്രിസ്തുവിശ്വാസത്തിന്റെ യഥാർഥ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രേഷ്ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. ജീവിതസായാഹ്നത്തിൽ കഴിയുന്നവർക്ക് അവരുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിച്ചുകൊണ്ട് സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷത്തിൽ ജീവിക്കാൻ സഹായിക്കുന്ന മാതൃകാ സ്ഥാപനമായി കനാൻ സീനിയർ ലിവിംഗ് ഹോം വളരട്ടെയെന്ന് ബാവ ആശംസിച്ചു. സമൂഹത്തിന് പ്രത്യാശയും കരുതലും പകരുന്ന സേവനങ്ങൾക്ക് ഈ സ്ഥാപനം പ്രചോദനമാകുമെന്നും ബാവ പറഞ്ഞു.
തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിന്റെ രജതജൂബിലിയോടനുബന്ധിച്ചുള്ള വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി., ചാണ്ടി ഉമ്മൻ എം.എൽ.എ., മുൻമന്ത്രി വി.എൻ. വാസവൻ, തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപനുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത, കോട്ടയം ഭദ്രാസനാധിപനും എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത, പെരുമ്പാവൂർ മേഖലാ ധിപൻ അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ. . റോയ് ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, റമ്പാൻമാർ, വൈദികർ, സന്യാസിനികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.


















