കോതമംഗലം ● മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ (എം.ജെ.എസ്.എസ്.എ) അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല കലോത്സവം കവളങ്ങാട് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കവളങ്ങാട് സെന്റ് ജോൺസ് പള്ളി വികാരി ഫാ.ബേബി മംഗലത്ത് പതാക ഉയർത്തി കലോത്സവത്തിന് തുടക്കം കുറിച്ചു.
വിവിധ വേദികളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, പ്ലസ് വൺ /പ്ലസ് ടു, അദ്ധ്യാപകർ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. മേഖലയുടെ അഞ്ച് ഡിസ്ട്രിക്റ്റുകളിലെ വിവിധ സൺഡേസ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികളും അദ്ധ്യാപകരും മത്സരങ്ങളിൽ പങ്കെടുത്തു.
കവളങ്ങാട് സെന്റ് ജോൺസ് പള്ളി വികാരി ഫാ. ബേബി മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കോതമംഗലം മേഖല മെത്രാപ്പോലീത്തയും എം.ജെ.എസ്.എസ്.എ പ്രസിഡന്റുമായ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ജോൺ പരണായിൽ, എം.ജെ.എസ്.എസ്.എ അങ്കമാലി ഭദ്രാസന ഡയറക്ടർ അഡ്വ. ജോബി മാത്യു, കേന്ദ്രകമ്മിറ്റിയംഗം ബിനു വർഗീസ്, പള്ളി ട്രസ്റ്റിമാരായ എൽദോസ് എം.സി., റ്റി.ഐ. കുര്യാക്കോസ്, സെന്റ് ജോൺസ് എച്ച്.എസ്.എസ് സ്കൂൾ മാനേജർ ലിബു തോമസ്, ജനറൽ കൺവീനർ ജസ്റ്റിൻ ജോയി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ മേഖലാ ഡയറക്ടർ ജോൺ ജോസഫ് സ്വാഗതവും മേഖലാ സെക്രട്ടറി ജോർജ്ജ് പി.എ. കൃതജ്ഞതയും അർപ്പിച്ചു.
2025-ലെ എം.ജെ.എസ്.എസ്.എ അഖില മലങ്കര ബെസ്റ്റ് സൺഡേ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട മൗണ്ട് സീനായി മോർ ബസേലിയോസ് സൺഡേസ്കൂളിന് കോതമംഗലം മേഖലയുടെ ആദരവ് സമാപന സമ്മേളനത്തിൽ നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.
മത്സരത്തിൽ 128 പോയിന്റുമായി ചേലാട് ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യന്മാരായി. 117 പോയിന്റുമായി കവളങ്ങാട് ഡിസ്ട്രിക്റ്റ് രണ്ടാമതും 111 പോയിന്റുമായി കോതമംഗലം ഡിസ്ട്രിക്റ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ചേലാട് ഡിസ്ട്രിക്റ്റും സീനിയർ വിഭാഗത്തിൽ കവളങ്ങാട് ഡിസ്ട്രിക്റ്റും, പ്ലസ് വൺ /പ്ലസ് ടു വിഭാഗത്തിൽ കോതമംഗലം ഡിസ്ട്രിക്റ്റും ചാമ്പ്യന്മാരായി.
സൺഡേസ്കൂളുകളിൽ, കവളങ്ങാട് ഡിസ്ട്രിക്റ്റിലെ കുട്ടമംഗലം സെൻ്റ് മേരീസ് സൺഡേസ്കൂൾ 62 പോയിന്റുകളോടെ ബെസ്റ്റ് സൺഡേസ്കൂൾ ട്രോഫി കരസ്ഥമാക്കി. ചേലാട് ഡിസ്ട്രിക്റ്റിലെ ചേലാട് മോർ സ്തേഫാനോസ് സൺഡേസ്കൂൾ, പുന്നേക്കാട് ഡിസ്ട്രിക്റ്റിലെ പുന്നേക്കാട് സെന്റ് ജോർജ്ജ് സൺഡേസ്കൂളുകൾ 44 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനവും, ചേലാട് ഡിസ്ട്രിക്റ്റിലെ പിണ്ടിമന സെന്റ് ജോൺസ് സൺഡേ സ്കൂൾ 37 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.
സബ് ജൂനിയറിൽ സെന്റ് ജോർജ്ജ് പുന്നേക്കാട്, ജൂനിയറിൽ സെന്റ് ജോൺസ് പിണ്ടിമന, സീനിയറിൽ സെന്റ് മേരീസ് കുട്ടമംഗലം, പ്ലസ് വൺ–പ്ലസ് ടു വിഭാഗത്തിൽ സെന്റ് മേരീസ് കുട്ടമംഗലം, മോർ ബസേലിയോസ് മൗണ്ട് സീനായി എന്നീ സൺഡേസ്കൂളുകൾ ഒന്നാം സ്ഥാനത്തെത്തി.
മേഖലാ കലോത്സവത്തിലെ കലാപ്രതിഭകളായി അലക്സ ആൻ എൽദോസ് (സെന്റ് ജോർജ്ജ് സൺഡേസ്കൂൾ, പുന്നേക്കാട് – സബ് ജൂനിയർ), ഐറിൻ മരിയ മാത്യു (സെന്റ് മേരീസ് കുട്ടമംഗലം – ജൂനിയർ), എവ്ലിൻ എൽസ ജിൻസ് (സെന്റ് മേരീസ് കുട്ടമംഗലം – സീനിയർ), ഹന്ന ഷിജി (സെന്റ് തോമസ് തങ്കളം – പ്ലസ് വൺ / പ്ലസ് ടു) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.





