പുത്തന്‍കുരിശ് ● നവംബർ 13-ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന വിശുദ്ധ മൂറോന്‍ കൂദാശയും, മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷികവും, പരി. ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര് ഗ്രിഗോറിയോസ് തിരുമേനിയുടെ 125-ാം ഓർമ്മപ്പെരുന്നാളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആചരണത്തിന്റെ ഉദ്ഘാടനവും, മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനും ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെയും, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടേയും, ബഹു. കേരള മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഇതര മതമേലദ്ധ്യക്ഷന്മാര് എന്നിവരുടേയും, ആകമാന സുറിയാനി സഭയിലെ അറുപതില്പരം മെത്രാപ്പോലീത്തന്മാരുടേയും സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.
ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പരിശുദ്ധ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഛായാചിത്രം വഹിച്ചുള്ള വിളംബര ഘോഷയാത്ര നവംബര്‍ 6 വെള്ളിയാഴ്ച രാവിലെ ഏഴിന് കൊല്ലം ഭദ്രാസനത്തിലെ ആദിച്ചനല്ലൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്ന് ആരംഭിക്കും. കൊല്ലം, നിരണം, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തന്മാരായ അഭിവന്ദ്യരായ യൂഹാന്നോന്‍ മോര് മിലിത്തിയോസ്, മാത്യൂസ് മോര് തേവോദോസിയോസ്, ഡോ. ഗീവര്‍ഗീസ് മോര് കൂറിലോസ് എന്നീ പിതാക്കന്മാര് പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ചാണ് ഘോഷയാത്ര ആരംഭിക്കുന്നത്.
തുടര്‍ന്ന് കൊല്ലം ഭദ്രാസനത്തിലെ മുഖത്തല, നല്ലില, കുണ്ടറ, പുത്തൂര്‍, അടൂര്‍, പറക്കോട്, എഴംകുളം എന്നീ ദൈവാലയങ്ങള്‍ സന്ദര്‍ശിച്ചശേഷം തുമ്പമണ്‍ ഭദ്രാസനത്തിലെ വി. കോട്ടയം, വാഴമുട്ടം, പത്തനംതിട്ട, ഓമല്ലൂര്‍ പള്ളികളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മഞ്ഞിനിക്കരയില്‍ എത്തിച്ചേരുന്ന ഘോഷയാത്രയെ സിംഹാസന പള്ളികളുടെയും മഞ്ഞിനിക്കര ദയറയുടെയും അധിപനായ അഭിവന്ദ്യ ഗീവര്‍ഗീസ് മോര് അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
നവംബര്‍ 7 ശനിയാഴ്ച രാവിലെ ഏഴിന് മഞ്ഞിനിക്കരയില്‍ നിന്ന് രണ്ടാം ദിവസത്തെ യാത്ര ആരംഭിക്കും. ദൈവാലയങ്ങളുടെയും വിവിധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ മാന്തളിര്, മെഴുവേലി, കാരയ്ക്കാട് പള്ളികളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഛായാചിത്ര ഘോഷയാത്ര നിരണം ഭദ്രാസനത്തിലെ പരുമല സെന്റ് ഗ്രീഗോറിയോസ് പാത്രിയര്‍ക്കല്‍ സെന്ററില്‍ എത്തിച്ചേരുമ്പോള്‍ അഭിവന്ദ്യരായ ഡോ. ഗീവര്‍ഗീസ് മോര് കൂറിലോസ്, കുര്യാക്കോസ് മോര് ക്ലീമിസ്, മാത്യൂസ് മോര് തീമോത്തിയോസ് എന്നീ മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും.
തുടര്‍ന്ന് നിരണം ഭദ്രാസനത്തിലെ മേപ്രാല്‍, കാവുംഭാഗം പള്ളികളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരുവല്ല വഴി കോട്ടയം ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ ഘോഷയാത്ര എത്തിച്ചേരും. കോട്ടയം ഭദ്രാസനത്തിലെ സ്വീകരണങ്ങള്‍ക്ക് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ തോമസ് മോര് തീമോത്തിയോസ് മെത്രാപ്പോലീത്തായും, ഭദ്രാസന ഭാരവാഹികളും നേതൃത്വം നല്‍കും.
നവംബര്‍ 8 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം 11 മണിക്ക് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ നിന്ന് ഛായാചിത്ര ഘോഷയാത്ര പുനരാരംഭിക്കും.
വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 3.50-ന് മുളന്തുരുത്തി പള്ളിത്താഴത്ത് എത്തിച്ചേരും. മുളന്തുരുത്തിയില്‍ വച്ച് കൊച്ചി ഭദ്രാസനത്തില്‍ നിന്ന് എത്തിച്ചേരുന്ന ദീപശിഖയുമായി ചേര്‍ന്നുള്ള വിളംബര ഘോഷയാത്രകളെ സ്വീകരിക്കുന്നു. തുടര്‍ന്ന് വൈകിട്ട് 5 മണിയ്ക്ക് പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിചേരുന്നു.
പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിചേരുന്ന എല്ലാ ഘോഷയാത്രകളും സംയുക്തമായി പുത്തന്‍കുരിശ് പാത്രിയര്‍ക്കല്‍ സെന്ററില്‍ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിടത്തില്‍ എത്തിച്ചേരുമ്പോള്‍ ശ്രേഷ്ഠ കാതോലിക്കാ ബാവായും, അഭിവന്ദ്യ പിതാക്കന്മാരും, സഭാ ഭാരവാഹികളും, സഭാ സമിതികളും ചേര്‍ന്ന് സ്വീകരിക്കുന്നു.
ആഘോഷ പരിപാടികളുടേയും വിളംബര ജാഥകളുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, അല്മായ ട്രസ്റ്റി കമാന്‍ഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ അറിയിച്ചു.

