മഞ്ഞപ്ര ● അങ്കമാലി ഭദ്രാസനത്തിലെ മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കമായി.
പെരുന്നാളിന് തുടക്കം കുറിച്ച് ഇന്ന് വിശുദ്ധ കുർബ്ബാനയ്ക്കുശേഷം പള്ളി വികാരി ഫാ. വർഗീസ് അറയ്ക്കൽ കൊടിയേറ്റ് നിർവഹിച്ചു. ഫാ. പൗലോസ് അറയ്ക്കപ്പറമ്പിൽ,
ഫാ. തങ്കച്ചൻ അരീയ്ക്കൽ, ഫാ. എൽദോസ് ചെറിയാൻ കൂരൻ, പള്ളി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥനയും നടന്നു.
നവംബർ 5 വ്യാഴാഴ്ച രാവിലെ 7.30-ന് പ്രഭാതപ്രാർത്ഥനയും 8-ന് ഫാ. തങ്കച്ചൻ അരീയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. വൈകിട്ട് 6.15-ന് പള്ളി ഉപകരണങ്ങൾ മേമ്പൂട്ടിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണമായി പള്ളിയകത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് 6.30-ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥനയും പ്രസംഗവും നടക്കും. തുടർന്ന് പ്രദക്ഷിണവും ആശീർവാദവും ഉണ്ടായിരിക്കും.
പ്രധാന പെരുന്നാൾ ദിനമായ നവംബർ 6 വെള്ളിയാഴ്ച രാവിലെ 7-ന് പ്രഭാതപ്രാർത്ഥനയും 7.30-ന് ഫാ. അബ്രഹാം നെടുന്തള്ളിൽ, ഫാ. എൽദോസ് ചെറിയാൻ കൂരൻ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. 8.45-ന് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും പ്രസംഗവും നടക്കും.
തുടർന്ന് 11-ന് അവാർഡ് ദാനം, 11.30-ന് കൈമുത്ത്, നെയ്യപ്പം നേർച്ച, വിശുദ്ധ സ്ലീബാ എഴുന്നള്ളിപ്പ് എന്നിവയും ഉച്ചയ്ക്ക് 12-ന് പ്രദക്ഷിണവും നടക്കും. ഉച്ചയ്ക്ക് ഒന്നിന് നേർച്ചസദ്യയും തുടർന്ന് വൈകിട്ട് 3-ന് കൊടിയിറക്കവും നടക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. വർഗീസ് അറയ്ക്കൽ, ട്രസ്റ്റിമാരായ കെ.സി. വർഗീസ് കൂരൻ, പി.ഐ. ബാബു പൈനാടത്ത്, സെക്രട്ടറി നൈജു വർഗീസ് തേമാലിപറമ്പിൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയം സംപ്രേഷണം ചെയ്യും.


