പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ മൂറോൻ കൂദാശയോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് അന്ത്യോഖ്യാ പരിശുദ്ധ സഭയ്ക്കായി ഒരുക്കിയ സംഗീതോപഹാരമായ ‘പരിമളധ്വനി’ സമർപ്പിച്ചു. പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സംഗീതോപഹാരം സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലനും സഭാ സെക്രട്ടറി ജേക്കബ് സി. മാത്യുവിനും കൈമാറി.
പ്രശസ്ത ക്രിസ്തീയ ഭക്തിഗാന ഗായകൻ കെസ്റ്റർ ആലപിക്കുന്ന ‘പരിമളധ്വനി’യുടെ വരികളും സംഗീതവും ഫാ. എമിൽ വർഗീസ് വേലിക്കകത്താണ് നിർവഹിച്ചിരിക്കുന്നത്. പ്രദീപ് ടോമാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. ഷിനു ജീസസ് എബ്രഹാമാണ് ക്രിയേറ്റീവ് ഡയറക്ടർ. ഫ്രണ്ട്സ് ഓഫ് അന്ത്യോഖ്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ സഭയുടെ സത്യവിശ്വാസ പാരമ്പര്യത്തോടും ആത്മീയ ചൈതന്യത്തോടുമുള്ള സ്നേഹാദരങ്ങൾ സംഗീതത്തിലൂടെ ആവിഷ്കരിക്കുന്നതിനായാണ് ഈ സംഗീതോപഹാരം ഒരുക്കിയിരിക്കുന്നത്.
അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, ഫാ. എമിൽ വർഗീസ്, സഭാ വർക്കിംഗ് കമ്മിറ്റി അംഗവും മീഡിയ കോർഡിനേറ്ററുമായ ഗ്ലീസൺ ബേബി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാനു പൗലോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സത്യവിശ്വാസത്തിന്റെ സൗന്ദര്യവും സഭയുടെ ആത്മീയ പാരമ്പര്യത്തിന്റെ മഹിമയും സംഗീതത്തിന്റെ മാധുര്യത്തിൽ കോർത്തിണക്കുന്ന ‘പരിമളധ്വനി’ പരിശുദ്ധ മൂറോൻ കൂദാശയോടനുബന്ധിച്ച് സഭയ്ക്ക് ലഭിച്ച വേറിട്ടൊരു സംഗീതസമർപ്പണമായി ശ്രദ്ധേയമായി.

