മുളന്തുരുത്തി ● ചരിത്രപ്രാധാന്യമേറിയ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളോടും പുത്തൻകുരിശിൽ നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയോടും അനുബന്ധിച്ച് പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഛായാചിത്രത്തിനും കൊച്ചി ഭദ്രാസനത്തിൽ നിന്നുള്ള ഭദ്രദീപത്തിനും മുളന്തുരുത്തി പള്ളിത്താഴം കവലയിൽ ഊഷ്മള സ്വീകരണം നൽകും.
നവംബർ 8 ഞായറാഴ്ച വൈകിട്ട് 3.30-നാണ് സ്വീകരണ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം, നിരണം, തുമ്പമൺ, കോട്ടയം എന്നീ തെക്കൻ മേഖലകളിൽ നിന്നുള്ള പ്രയാണത്തിന്റെ ഭാഗമായി എത്തിച്ചേരുന്ന ഛായാചിത്രത്തിനും ഭദ്രദീപത്തിനുമാണ് വിശ്വാസിസമൂഹം വരവേൽപ്പ് ഒരുക്കുന്നത്.
സ്വീകരണത്തിനുശേഷം കത്തീഡ്രലിൽ നിന്ന് പുത്തൻകുരിശിലേക്ക് പുറപ്പെടുന്ന വിളംബരജാഥയിലും വിശ്വാസികൾ പങ്കുചേരും. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെയും വിശുദ്ധ മൂറോൻ കൂദാശയുടെയും ഭാഗമായി സംഘടിപ്പിക്കുന്ന ഈ ആത്മീയ പരിപാടിയിൽ ഇടവകയിലെ മുഴുവൻ വിശ്വാസികളും കൃത്യസമയത്ത് എത്തിച്ചേർന്ന് സ്വീകരണത്തിലും വിളംബരജാഥയിലും സജീവമായി പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
