തൂത്തൂട്ടി ● സുവർണ ജൂബിലി ആഘോഷങ്ങളുടെ നിറവിലുള്ള തൂത്തൂട്ടി മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലിൽ കോട്ടയം ഭദ്രാസന വൈദിക യോഗം ചേർന്നു. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്തു.
മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സുന്നഹദോസിന്റെ ചരിത്രപ്രാധാന്യവും ചരിത്രപരമായ യാഥാർഥ്യങ്ങളും സംബന്ധിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത വൈദികർക്ക് ക്ലാസ് നയിച്ചു. സഭാചരിത്രത്തിലെ നിർണായക സംഭവമായ മുളന്തുരുത്തി സുന്നഹദോസിന്റെ പ്രാധാന്യവും പ്രസക്തിയും യോഗത്തിൽ വിശദീകരിച്ചു.
ചാപ്പലിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങളുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഭദ്രാസന വൈദിക യോഗം ചാപ്പലിൽ സംഘടിപ്പിച്ചത്.
ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര, ചാപ്പൽ വികാരി ഫാ. വിജി കുരുവിള എടാട്ട്, വൈദിക സെക്രട്ടറി ഫാ. ലിബിൻ കുര്യാക്കോസ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.


