ആദിച്ചനല്ലൂർ (കൊല്ലം) ● മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി, മുളന്തുരുത്തി സുന്നഹദോസിന് അധ്യക്ഷത വഹിച്ച പരിശുദ്ധ പത്രോസ് നാലാമൻ പാത്രിയർക്കീസ് ബാവായുടെ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള വിളംബര ഘോഷയാത്ര നാളെ ആരംഭിക്കും. മുളന്തുരുത്തി സുന്നഹദോസിന് ശേഷം രൂപീകരിക്കപ്പെട്ട കൊല്ലം, നിരണം, തുമ്പമൺ, കോട്ടയം ഭദ്രാസനങ്ങളുടെ നേതൃത്വത്തിലാണ് വിളംബര യാത്ര.
നാളെ (നവംബർ 6, വെള്ളി) രാവിലെ 8 മണിക്ക് കൊല്ലം ഭദ്രാസനത്തിലെ ആദിച്ചനല്ലൂർ സെന്റ് ജോർജ് പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ഛായാചിത്ര പ്രയാണം കൊല്ലം ഭദ്രാസനത്തിലെ നല്ലില, മുഖത്തല, കുണ്ടറ, പുത്തൂർ, അടൂർ, പറകോട്, ഏഴംകുളം എന്നീ പള്ളികളുടെ സ്വീകരണങ്ങൾക്ക് ശേഷം തുമ്പമൺ ഭദ്രാസനത്തിലെത്തി വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് കത്തീഡ്രൽ, മോർ ഇഗ്നാത്തിയോസ് വാഴമുട്ടം ഈസ്റ്റ് എന്നീ ദൈവാലയങ്ങൾ സന്ദർശിച്ച് പത്തനംതിട്ടയിലെത്തും.
പത്തനംതിട്ട സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ വൈകിട്ട് 4.30-ന് തുമ്പമൺ ഭദ്രാസനത്തിന്റെ സ്വീകരണം നൽകും. തുടർന്ന് ഓമല്ലൂർ സെന്റ് പീറ്റേഴ്സ് പള്ളിയുടെ സ്വീകരണത്തിന് ശേഷം മഞ്ഞനിക്കര മോർ ഇഗ്നാത്തിയോസ് ദയറയിലും, മോർ സ്തേഫാനോസ് കത്തീഡ്രലിലും സ്വീകരണം നൽകും.
നവംബർ 7 ശനിയാഴ്ച രാവിലെ 7 മണിക്ക് മഞ്ഞനിക്കരയിൽ നിന്നാരംഭിച്ച് മെഴുവേലി, മാന്തളിർ, കാരയ്ക്കാട് പള്ളികളിലെ സ്വീകരണങ്ങൾക്കു ശേഷം പരുമലയിൽ എത്തിച്ചേരും. ഇവിടെ നിരണം ഭദ്രാസനത്തിന്റെ സ്വീകരണം നൽകും. തുടർന്ന് കോട്ടയം ഭദ്രാസനത്തിന്റെ സ്വീകരണങ്ങൾക്ക് ശേഷം, നവംബർ 8 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് മുളന്തുരുത്തിയിൽ എത്തിച്ചേരും. തുടർന്ന് ദീപശിഖ, പാത്രിയർക്കാ പതാക, ഛായാചിത്ര പ്രയാണം എന്നിവ ഒരുമിച്ച് പുത്തൻകുരിശിൽ എത്തിച്ചേരും.


