പുത്തൻകുരിശ് ● ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ആഹ്വനപ്രകാരം വേളൂർ മൗണ്ട് സാഖായി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.
”പ്രകൃതിയെ സംരക്ഷിക്കാം… ഭൂമിയെ സ്നേഹിക്കാം… വരുംതലമുറയ്ക്കായി പ്രത്യാശ വിതറാം” എന്ന ശ്രേഷ്ഠ ബാവായുടെ സന്ദേശമുയർത്തി, പള്ളിയിലെ സെന്റ് ജോർജ് യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്ക് സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു.
അഞ്ഞൂറോളം വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ഇടവക വികാരി ഫാ. തോമസ് ജോളി കൂമുള്ളിൽ നിർവഹിച്ചു. മുൻ വികാരി ഫാ. ആകാശ് കുര്യൻ, ട്രസ്റ്റിമാരായ എബ്രഹാം എണ്ണശ്ശേരിൽ, കെ.കെ. ജോസ് കണിയത്ത്, യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി ജിതിൻ ജോയ് ചെല്ലാഞ്ഞിയിൽ എന്നിവരും വിവിധ ഭക്തസംഘടനാ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇടവകയിലെ യുവാക്കളുടെ ഈ ഉദ്യമം നാളെയുടെ നല്ലൊരു പരിസ്ഥിതിക്കായി വലിയ മാറ്റങ്ങൾ സൃഷ്ടിക്കട്ടെയെന്ന് പള്ളി മാനേജിങ് കമ്മിറ്റിക്കു വേണ്ടി അഡ്വ. സജി വർഗീസ് കാക്കാട്ടുമറ്റം ആശംസിച്ചു.
